
കോട്ടയം: എറ്റുമാനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ വി എൻ വാസവന് ലഭിക്കുന്ന ജനപിന്തുണ ശ്രദ്ധേയമാകുന്നു. “പ്രത്യേകിച്ച് പരിചയപ്പെടുത്തൽ വേണോ, എല്ലാർക്കും അറിയില്ലെ വാസവൻ ചേട്ടനെ” എന്ന ഓട്ടോ ഡ്രൈവർമാരുടെ പ്രതികരണം തന്നെ അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. പൊതുജനങ്ങളോട് അടുപ്പം പുലർത്തുന്ന നേതാവെന്ന നിലയിൽ വാസവൻ മണ്ഡലത്തിൽ സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്.
അവധി ദിവസമായതിനാൽ സ്ഥാനാർഥി ഭവന സന്ദർശനങ്ങൾക്കാണ് കൂടുതൽ സമയം മാറ്റിവെച്ചത്. അതിരമ്പുഴയിലെ വിവിധ പ്രദേശങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ച അദ്ദേഹം ഒരു മരണാനന്തര ചടങ്ങിലും പങ്കെടുത്തു. തുടർന്ന് ഏറ്റുമാനൂരിൽ ഓട്ടോ തൊഴിലാളികളെയും വ്യാപാരികളെയും നേരിൽ കണ്ടു. കോട്ടയം ജില്ല നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളും ഉദ്ഘാടനം ചെയ്ത സ്ഥാനാർത്ഥി തിരികെ മണ്ഡലത്തിലെത്തി ഭവന സന്ദർശനം തുടർന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. പഞ്ചായത്ത് തല കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച മുന്നണി, കുമരകം, നീണ്ടൂർ, പേരൂർ എന്നിവിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ നേതാക്കൾ കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിലെത്തുന്ന പ്രചാരണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എൽഡിഎഫ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രചാരണ ആയുധം. സ്ഥാനാർഥിയുടെ വിജയത്തിനായി വിവിധ സംഘടനകളും രംഗത്തെത്തിയതോടെ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിതമായ രീതിയിൽ മുന്നേറുകയാണ്.



