ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി; ക്ഷേത്രംതന്ത്രി താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി . രാവിലെ 8.45നും 9.30നും മദ്ധ്യേ ക്ഷേത്രംതന്ത്രി താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെയും സംഘത്തിന്റെയും മേജര്‍സെറ്റ് പഞ്ചവാദ്യം അകമ്പടിയായി.
രണ്ടാം ഉത്സവ ദിനമായ നാളെ മുതല്‍ ഒമ്ബതാം ഉത്സവ ദിനമായ മാര്‍ച്ച് ഒന്നുവരെ ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം നടക്കും. ഈ ദിവസങ്ങളില്‍ രാവിലെ ഏഴിന് ശ്രീബലിയും വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലിയും കാട്ടാമ്ബാക്ക് വേലകളി സംഘത്തിന്റെ വേലകളിയും നടക്കും. മാര്‍ച്ച് ഒന്നിന് രാവിലെ ഏഴിന് ശ്രീബലിയോടും വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലിയോടുമനുബന്ധിച്ച് കുടമാറ്റം നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന്, നാല്, അഞ്ച് ഉത്സവ ദിനങ്ങളില്‍ മേജര്‍സെറ്റ് കഥകളി നടക്കും. രാത്രി ഒമ്ബതിന് കഥകളി ആരംഭിക്കും. 28ന് രാവിലെ ഏഴിന് പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും സ്പെഷല്‍ പഞ്ചാരിമേളവും മാര്‍ച്ച് ഒന്നിന് രാവിലെ ഏഴിന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്റെയും മേജര്‍സെറ്റ് പഞ്ചാരിമേളവും ഉണ്ടാകും.
28ന് രാത്രി 12ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും വലിയവിളക്കും നടക്കും. മാര്‍ച്ച് ഒന്നിന് രാത്രി 12നാണ് പള്ളിവേട്ടയും ദീപക്കാഴ്ചയും. രണ്ടിന് ഉച്ചക്ക് 12ന് മഹാദേവ ക്ഷേത്രത്തില്‍നിന്ന് ആറാട്ട് പുറപ്പാട്.
പേരൂര്‍ പൂവത്തുംമൂട് ആറാട്ട് കടവില്‍ ആറാട്ടിനുശേഷം രാത്രി 12ന് ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനിലെ എതിരേല്‍പ്പ് മണ്ഡപത്തില്‍ ആറാട്ട് എതിരേല്‍പ്പ്. തുടര്‍ന്ന് ക്ഷേത്ര മൈതാനിയിലെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ആറാട്ട് വരവും കൊടിയിറക്കും.