പത്തുനാള്‍ നീണ്ടുനിന്ന ഏറ്റുമാനൂർ ഉത്സവം ; പൂപ്പന്തലൊരുക്കിയും കലാപരിപാടികള്‍ നടത്തിയും ആറാട്ടുത്സവം ആഘോഷമാക്കി നാട്ടുകാർ ; ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി

Spread the love

ഏറ്റുമാനൂർ: പത്തുനാള്‍ നീണ്ടുനിന്ന ഏറ്റുമാനൂർ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ആറാട്ടുചടങ്ങുകള്‍ പൂർത്തിയാക്കി ഉത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ഇന്നു നേരം പുലർന്നു.

ഉച്ചകഴിഞ്ഞ് ഒന്നിന് ക്ഷേത്രത്തില്‍നിന്ന് ആറാട്ട് പുറപ്പാട് ഘോഷയാത്രയ്ക്ക് തുടക്കമായി. ക്ഷേത്രാങ്കണം മുതല്‍ വഴിയിലുടനീളം ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ വരവേല്‍ക്കാൻ കാത്തുനിന്നിരുന്നു. പ്രധാന കേന്ദ്രങ്ങളില്‍ പൂപ്പന്തലൊരുക്കിയും കലാപരിപാടികള്‍ നടത്തിയും നാട്ടുകാർ ആറാട്ടുത്സവം ആഘോഷമാക്കി.

പേരൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ ദീപാരാധനാ സമയത്ത് ആറാട്ട് എഴുന്നള്ളിപ്പ് എത്തിച്ചേർന്നു. വടക്കേനടയിലൂടെ പ്രവേശിച്ച്‌ ആനക്കൊട്ടിലിനു മുന്നില്‍ ഭഗവതിക്ക് അഭിമുഖമായി നിന്നു. പേരൂർകാവ് ഭഗവതി ഏറ്റുമാനൂരപ്പന്‍റെ മകളാണെന്നാണ് സങ്കല്പം. നിറപറയും നിലവിളക്കും വച്ച്‌ ഭഗവതി ഏറ്റുമാനൂരപ്പനെ വരവേറ്റു. ഒരു വർഷത്തെ ചെലവിന് എന്ന സങ്കല്പത്തില്‍ പേരൂർകാവില്‍ ഭഗവതിക്ക് പണക്കിഴിയും എണ്ണയും കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൂർകാവിലെ സ്വീകരണശേഷം ഘോഷയാത്ര മീനച്ചിലാറ്റില്‍ പൂവത്തുംമൂട്ടിലെ ആറാട്ടുകടവില്‍ എത്തി. ക്ഷേത്രം തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്‍റെയും മേല്‍ശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്‍റെയും കാർമികത്വത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂരപ്പൻ ആറാടി.

പൂവത്തുംമൂട്ടിലെ ആറാട്ടുകടവില്‍ ഏറ്റുമാനൂരപ്പന്‍റെ ആറാട്ട് നടക്കുന്ന അതേസമയം മീനച്ചിലാറിന്‍റെ മറുകരയില്‍ പെരിങ്ങല്ലൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടും നടക്കുന്നുണ്ടായിരുന്നു. ഒരേ ആറിന്‍റെ ഇരുകരകളിലും ഒരേ സമയം നടക്കുന്ന ആറാട്ടുകള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അപൂർവാവസരമാണ് ഭക്തർക്കു ലഭിച്ചത്.

തിരിച്ചെഴുന്നള്ളത്തില്‍ ചാലയ്ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏറ്റുമാനൂരപ്പനെ ഇറക്കി എഴുന്നള്ളിച്ചു. ശൈവ-വൈഷ്ണവ സംഗമമെന്ന പേരില്‍ പ്രശസ്തമായ ഈ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കാൻ ആയിരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മുഖമണ്ഡപത്തില്‍ തിടമ്പ് പ്രതിഷ്ഠിച്ചശേഷം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീകോവിലില്‍ പ്രവേശിച്ച്‌ പൂജ നടത്തി. തുടർന്ന് ആറാട്ടുസദ്യ നടത്തി.

ചാലയ്ക്കല്‍ ക്ഷേത്രത്തില്‍നിന്നും ഘോഷയാത്ര പുനരാരംഭിച്ച്‌ പേരൂർ കാവിലെത്തിയപ്പോള്‍ വാദ്യമേളങ്ങള്‍ നിലച്ചു. തെക്കേനട വഴി പേരൂർകാവിനു മുന്നിലെത്തി വടക്കേനട വഴി പ്രധാന റോഡില്‍ പ്രവേശിച്ചശേഷമാണ് വീണ്ടും വാദ്യമേളങ്ങള്‍ ആരംഭിച്ചത്.

പേരൂർകവലയിലെ ആറാട്ട് എതിരേല്‍പ് മണ്ഡപത്തില്‍ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഏറ്റുമാനൂരപ്പനെ വരവേറ്റു. തുടർന്ന് ആറാട്ട് എതിരേല്‍പും ആറാട്ടുവരവും കഴിഞ്ഞു കൊടിയിറക്കിയപ്പോള്‍ പുലർകാലമായിരുന്നു. ആറാട്ടിനു പിറ്റേന്ന് കൊടിയിറക്കല്‍ എന്ന അപൂർവതയും ഏറ്റുമാനൂർ ഉത്സവത്തിനു മാത്രം.