യാത്രക്കാർക്കും ഓട്ടോക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട്! തകർന്ന് തരിപ്പണമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് ; പല തവണ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ

Spread the love

ഏറ്റുമാനൂർ : യാത്രക്കാർക്കും ഓട്ടോക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട്,  തകർന്ന് തരിപ്പണമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡ്.

video
play-sharp-fill

 

ഒരു വർഷത്തിലേറെയായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. വെള്ളക്കെട്ട് മാറി വലിയ കിടങ്ങുകൾ രൂപപ്പെട്ടിരിക്കുന്നു. കുഴികൾ ഒഴിവാക്കി ഇരുചക്ര വാഹനങ്ങൾക്ക് പോലും ഇപ്പോൾ സ്റ്റേഷനിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്.

പാസഞ്ചേഴ്സ് അസോസിയേഷനും ഓട്ടോ ടാക്സി തൊഴിലാളികളും പ്രാദേശിക ജനകീയ വികസന സമിതികളും പലതവണ പരാതിപ്പെടുകയും മാധ്യമങ്ങളിലൂടെ നിരന്തരം വാർത്തകൾ വന്നിട്ടും യാതൊരു പരിഹാരവും കാണാനാവാതെ ഈ സ്ഥിതി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പൂർണ്ണമായും നവീകരിക്കാൻ ഒരു വർഷം മുമ്പ് ടെൻഡർ നൽകിയിരുന്നു. മറ്റു വർക്കുകൾ എല്ലാം പൂർത്തീകരിച്ചെങ്കിലും റോഡ് പണി മാത്രം അനിശ്ചിതമായി നീളുകയാണ്. റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് റെയിൽവേ പാർക്കിംഗ് ഫീസ് പിരിക്കാൻ ആരംഭിച്ചെങ്കിലും റോഡ് നന്നാക്കാത്തതിനാൽ മഴക്കാലത്ത് വാഹനം പാർക്ക് ചെയ്യാൻ വലിയ ചെളിക്കുഴികൾ യാത്രക്കാർക്ക് താണ്ടേണ്ടി വരുന്നു. മഴ മാറിയിട്ടും വർക്ക്‌ ആരംഭിക്കാനുള്ള സാധ്യതകളൊന്നും കാണാത്തതിനാൽ യാത്രക്കാർ കടുത്ത നിരാശയിലാണ്.

സ്റ്റേഷനിൽ ഓട്ടോ തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ദിവസവും ഇരുപതിലേറെ തവണ കുഴികളിലൂടെ ഓട്ടോപായിക്കാൻ നിർബന്ധിതരാവുകയാണെന്ന് സ്റ്റേഷനിലെ ഓട്ടോ പെർമിറ്റ് എടുത്തിരിക്കുന്ന മനോജ്‌ പറഞ്ഞു.

ഓരോ മാസവും ഓട്ടോയ്‌ക്ക് ഇതുമൂലം അറ്റക്കുറ്റ പണികൾ വരുന്നതും വലിയ ബാധ്യതയാണ്. കൂടാതെ നടുവേദനയടക്കം ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുവരുമുണ്ട്. വെള്ളക്കെട്ടിൽ കുഴിയുടെ വ്യാപ്തി മനസ്സിലാക്കാതെ ഇരുചക്ര വാഹനം മറിഞ്ഞു വീഴുന്നത് ഇവിടെ നിത്യ സംഭവമാണ്.

അതിരമ്പുഴ ഭാഗത്ത് നിന്നുള്ളവരും എം ജി യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രക്കാരും തൊട്ടടുത്തുള്ള സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരാൻ കോട്ടമുറിയിലൂടെ നീണ്ടൂർ – ഏറ്റുമാനൂർ റോഡിൽ പ്രവേശിച്ചാണ് ഇപ്പോൾ സ്റ്റേഷനിൽ എത്തുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ മനയ്ക്കപ്പാടത്ത് നിന്നുള്ള അപ്രോച്ച് റോഡിൽ വാഹനം പാർക്ക് ചെയ്ത് ട്രാക്കിലൂടെ സ്റ്റേഷനിലെത്തുന്നവരും നിരവധിയാണ്. നീണ്ടൂർ റോഡിൽ നിന്നും സ്റ്റേഷനിലേയ്ക്ക് നേരിട്ടുള്ള പ്രവേശന കവാടം ഇരുചക്ര വാഹനങ്ങൾക്ക്‌ മാത്രമായി ചുരുക്കിയതിലും യാത്രക്കാർക്ക് പ്രതിഷേധമുണ്ട്.