ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ തിരുവരങ്ങ് അവസാനിച്ചു ; ദേശതാലപ്പൊലി തുടരുന്നു

Spread the love

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച്‌ മൂന്നു ദിവസമായി നടന്നുവന്ന മേജർസെറ്റ് കഥകളി ഇന്നലെ അവസാനിച്ചു. ഇന്നലെ കേരള കലാമണ്ഡലമാണ് കഥകളി അവതരിപ്പിച്ചത്. കർണശപഥവും ദക്ഷയാഗവുമായിരുന്നു കഥകള്‍. കർണശപഥത്തില്‍ കേരള കലാമണ്ഡലം റിട്ടയേർഡ് വകുപ്പ് മേധാവി കലാമണ്ഡലം കൃഷ്ണകുമാർ കർണനായി വേഷമിട്ടു. മൂന്നു മുതല്‍ അഞ്ചുവരെ ഉത്സവ ദിനങ്ങളില്‍ മുടക്കമില്ലാതെ മേജർസെറ്റ് കഥകളി നടക്കുന്ന ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവരങ്ങ് കഥകളിപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഞായറാഴ്ച ആരംഭിച്ച ദേശതാലപ്പൊലി തുടരുകയാണ്. ഇന്നലെ ഏറ്റുമാനൂർ കാക്കാല സമുദായ സൊസൈറ്റിയാണ് താലപ്പൊലി സമർപ്പണം നടത്തിയത്. ഇന്ന് വൈകുന്നേരം 6.30ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ കോട്ടയം താലൂക്ക് യൂണിയൻ താലപ്പൊലി സമർപ്പിക്കും.

ഇന്ന് രാവിലെ ശ്രീബലിക്ക് പെരുവനം പ്രകാശൻ മാരാരുടെയും സംഘത്തിന്‍റെയും സ്പെഷല്‍ പഞ്ചാരിമേളവും വൈകുന്നേരം കാഴ്ചശ്രീബലിക്ക് ഉദയനാപുരം ഹരിയുടെയും സംഘത്തിന്‍റെയും സ്പെഷല്‍ പഞ്ചവാദ്യവും അകമ്പടിയേകും. നാളെ രാവിലെ ശ്രീബലിക്ക് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 101ല്‍ പരം കലാകാരന്മാർ പങ്കെടുക്കുന്ന സ്പെഷല്‍ പഞ്ചാരിമേളം അകമ്പടിയേകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവരങ്ങില്‍ ഇന്ന് രാവിലെ 11ന് ഹാസ്യസമ്രാട്ട് കുറിച്ചിത്താനം ജയകുമാറിന്‍റെ ഓട്ടൻതുള്ളല്‍, രാത്രി 9.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സംഗീതസദസ്, ഒന്നിന് തിരുവനന്തപുരം വൈഷ്ണവിയുടെ നൃത്തനാടകം – വൈഷ്ണവേയം എന്നിവയാണ് പ്രധാന പരിപാടികള്‍.