വോട്ടെടുപ്പ് കഴിഞ്ഞ് ബെഞ്ചുകള്‍ ക്ലാസ്മുറിയിലെത്തി; പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചില്‍, ശാരീരികാസ്വാസ്ഥ്യം; ഏറ്റുമാനൂർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്, വിശദമായ പരിശോധന ആരംഭിച്ച് ആരോഗ്യവകുപ്പ്

Spread the love

കോട്ടയം: ഏറ്റുമാനൂർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പോളിംഗ് ബൂത്തായി ഉപയോഗിച്ച ക്ലാസ് മുറിയിലെ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

video
play-sharp-fill

ഇരുപതിലധികം വിദ്യാർത്ഥികള്‍ക്കാണ് ശരീരത്തില്‍ ചൊറിച്ചിലും ശ്വാസംമുട്ടലും അടക്കമുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച ശേഷം മറ്റു പോളിംഗ് ബൂത്തുകളില്‍ നിന്ന് കൊണ്ടുവന്ന ഡെസ്കുകളും ബെഞ്ചുകളും സ്കൂളിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ഇവയില്‍ ഇരുന്നാണ് വിദ്യാർത്ഥികള്‍ പഠനം നടത്തിയത്.

ബഞ്ച് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ചൊറിച്ചില്‍, ശ്വാസംമുട്ടല്‍, ശാരീരിക അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായി. ക്ലാസെടുക്കുകയായിരുന്ന അധ്യാപികയ്ക്കും സമാന ലക്ഷണങ്ങള്‍ ഉണ്ടായി. ഇതോടെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സംഘം അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ. ബബു ലു റാഫേലിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ എത്തി പ്രാഥമിക പരിശോധന നടത്തി. അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ ആരോഗ്യനില നിലവില്‍ നിരീക്ഷണത്തിലാണ്.അതേസമയം, നഗരസഭയുടെ ആരോഗ്യവിഭാഗവും തൊഴിലാളികളും ചേർന്ന് ക്ലാസ് മുറിയും ബെഞ്ചുകളും ഡെസ്കുകളും വൃത്തിയാക്കി ശുചീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.