
ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല: ഏറ്റുമാനൂര്‍ നഗരസഭക്കെതിരെ പരാതിയുമായി വ്യാപാരികള്‍; നഗരസഭ രേഖകളിലെ പോരായ്മകളാണ് പ്രശ്നത്തിന് കാരണമെന്നും ആരോപണം
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: വാണിജ്യ ആവശ്യത്തിനായി നിര്‍മിച്ച കെട്ടിടങ്ങളില്‍ ദശാബ്ദങ്ങളായി കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് ഏറ്റുമാനൂര്‍ നഗരസഭ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന് ആക്ഷേപം.
ഇവ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുക്കി നല്കാന് തയാറാകത്തത്. എന്നാല്‍, നഗരസഭ രേഖകളിലെ പോരായ്മകളാണ് പ്രശ്നത്തിന് കാരണമെന്നും ഇതിന്റെ പേരില്‍ തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിജ്യാവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ ഒരുവര്‍ഷത്തിനിടയില്‍ നഗരസഭ രേഖകളില്‍ താമസിക്കാനുള്ള കെട്ടിടങ്ങളായി മാറിയതാണ് പ്രശ്നമായത്. പല കെട്ടിടങ്ങളുടെയും നമ്പറുകള്‍ മാറുകയും നഗരസഭ രേഖകളില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. ചില കെട്ടിടങ്ങളുടെ ഉടമതന്നെ മാറി.
ഒരേ നമ്പറില്‍ ഒന്നിലധികം കെട്ടിടങ്ങളുമുണ്ട്. സ്ഥാപനം പ്രവര്‍ത്തിക്കുന്നിടത്ത് കെട്ടിടമില്ലെന്നും പറമ്പ് മാത്രമാണുള്ളതെന്നുമുള്ള മറുപടിയാണ് ചില വ്യാപാരികള്‍ക്ക് ലഭിച്ചത്. ഏറ്റുമാനൂര്‍ പഞ്ചായത്ത് നഗരസഭയായി മാറിയശേഷം രേഖകള്‍ കൃത്യമായി തയാറാക്കി സൂക്ഷിക്കുന്നതിന് എടുത്ത കാലതാമസവും ഫയലുകള്‍ ഉള്‍പ്പെടെ കാണാതായ സംഭവങ്ങളും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍, ഇതിന്റെ പാപഭാരം വ്യാപാരികള്‍ ചുമക്കേണ്ട സ്ഥിതിയാണെന്ന് വ്യാപാരി നേതാക്കള്‍ പറയുന്നു. ഹൈകോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് ഏറ്റുമാനൂരിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് എന്‍.പി. തോമസ് പറയുന്നു.
തൊഴില്‍നികുതി ഈടാക്കുന്നത് അറ്റാദായത്തിന് പകരം മൊത്തം വില്പനയുടെ അടിസ്ഥാനത്തിലാണെന്നും പരാതിയുണ്ട്. ലൈസന്‍സ് പുതുക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷ കെട്ടിടനികുതിയും മറ്റും അടച്ച് ക്രമവത്കരിച്ച ശേഷമേ കൈപ്പറ്റൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.
കൃത്യസമയത്ത് ലൈസന്‍സ് പുതുക്കാനാവാതെ വരുന്ന വ്യാപാരികള്‍ പിഴയും പിഴപ്പലിശയും അടയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. അതേസമയം, വ്യാപാര ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്ത കൗണ്‍സിലില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് നഗരസഭ ചെയര്പേഴ്സന് ലൗലി ജോര്‍ജ് പറഞ്ഞു.
വ്യാപാരികള്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന പിഴവുകള്‍ പരിശോധിച്ച് നടപടിയെടുക്കും. തല്ക്കാലം അപേക്ഷ കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്പേഴ്സന് പറഞ്ഞു.