
സ്വന്തം ലേഖകൻ
കോട്ടയം ∙ കേരളത്തിലെ ട്രെയിൻ ഗതാഗത ചരിത്രം ഇന്ന് പുതിയൊരു ഏടിലേക്ക് കടക്കുന്നു. 16.7 കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം – ഏറ്റുമാനൂർ രണ്ടാം പാത ഇന്ന് ഗതാഗതത്തിനു തുറന്നുകൊടുക്കും.
പാലക്കാട് ജംക്‌ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സർവീസ് നടത്തുക. ഇതോടെ, പൂർണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം – കോട്ടയം – എറണാകുളം ഇരട്ടപ്പാതയാണ് നിർമാണാനുമതി ലഭിച്ച് 21 വർഷത്തിനു ശേഷം ഇന്നു പൂർത്തിയാകുന്നത്. 2001 ലാണ് പാതയിലെ എറണാകുളം – മുളന്തുരുത്തി റീച്ചിന് നിർമാണാനുമതി ലഭിച്ചത്.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം പാറോലിക്കൽ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേർക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇതു പൂർത്തിയായാൽ ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (സിഎഒ) അവസാന വട്ട പരിശോധന നടത്തും. അതിനു ശേഷം ട്രെയിൻ ഗതാഗതത്തിന് അനുമതി നൽകും.
ഇന്ന് വൈകിട്ട് ആറോടെ പാത സജജ്മാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഡൗൺ ലൈനാണ് പുതിയതായി നിർമിച്ച പാത. കോട്ടയം റെയിൽവേ സ്റ്റേഷൻ മുതൽ മുട്ടമ്പലം റെയിൽവേ ഗേറ്റ് വരെ തുരങ്കങ്ങളിലൂടെയുള്ള ട്രാക്കുകൾക്കു പകരം നിർമിച്ച 2 ലൈനുകളും പുതിയതാണ്. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ഇന്നു കൂടി നിയന്ത്രണമുണ്ട്. പകൽ 10 മണിക്കൂർ സർവീസ് ഉണ്ടാകില്ല.
ചിങ്ങവനം – ഏറ്റുമാനൂർ പുതിയ ലൈനിൽ 50 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആർഎസ്) നൽകിയിരിക്കുന്നത്.