video
play-sharp-fill
വികസനമുരടിപ്പിൽ അമർഷം…..! അവഗണനയ്ക്കെതിരെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ  പ്രതിഷേധിച്ച് യാത്രക്കാർ; അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി തടത്തിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു

വികസനമുരടിപ്പിൽ അമർഷം…..! അവഗണനയ്ക്കെതിരെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ; അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി തടത്തിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ ബോർഡുകളും ബാനറുകൾ ഉയർത്തിയും യാത്രക്കാർ പ്രതിഷേധിച്ചു.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വികസനമുരടിപ്പിൽ അമർഷം രേഖപ്പെടുത്തിയ അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി തടത്തിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെ നേതൃത്വത്തിൽ നടന്നയോഗത്തിൽ കൺവീനർ ബി.രാജീവ് സ്വാഗതം ആശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷനിലേക്കുള്ള റോഡ് റെയിൽവേയുടെ അധീനതയിലായതിനാൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ സൂചിപ്പിച്ച അദ്ദേഹം പാലരുവിയ്ക്ക് സ്റ്റോപ്പ്‌ അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുന്നത് അടക്കമുള്ള ശക്തമായ സമരമുറകൾക്ക് നേതൃത്വം നൽകുമെന്ന് ആഹ്വാനം ചെയ്തു.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എത്തിച്ചേർന്ന റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റിയുടെ കേരളത്തിലെ ഏക പ്രതിനിധി ഏറ്റുമാനൂർ രാധാകൃഷ്ണൻ അമൃത് ഭാരത്‌ പദ്ധതി അടക്കമുള്ള വികസനങ്ങൾ സ്റ്റേഷനിൽ നടപ്പാക്കുമെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി. പാലരുവിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

വെള്ളവും വെളിച്ചവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്നും അതിനൊക്കെ വേണ്ടി പ്രതിഷേധം നടത്തേണ്ടി വരുന്നത് ഖേദകരമാണെന്നും അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി ജോസഫ് അഭിപ്രായപ്പെട്ടു.

പുലർച്ചെ 6.35 ന് എത്തിച്ചേരേണ്ടി വരുന്ന സ്ത്രീകൾ നേരിടുന്ന യാത്രാദുരിതങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തിയ ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ഉഷാ സുരേഷ് നിലവിലെ അവസ്ഥ ദയനീയമാണെന്നും വികസന ലക്ഷ്യങ്ങളിൽ യാത്രക്കാർക്കൊപ്പമുണ്ടെന്നും അറിയിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തെ അനുകൂലിച്ച്
സന്നിഹിതരായ വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ജയകുമാർ പാലരുവിയുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ശ്രമങ്ങളെയും ആവശ്യകതകളെക്കുറിച്ചും സംസാരിച്ചു.

നിരവധി പ്രാദേശിക നേതാക്കളും സമീപവാസികളും പ്രതിഷേധത്തിൽ അണിനിരന്നു.
ഇരട്ടപാതയ്ക്ക് മുമ്പ് 5.5 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടുകൊണ്ടിരുന്ന വേണാട് ആദ്യഘട്ടത്തിൽ 5.15 ലേയ്‌ക്കും വന്ദേഭാരതിന്റെ വരവോടെ 5.25 ലേയ്‌ക്കും മാറ്റിയത് ശക്തമായ തിരിച്ചടിയായെന്ന് യാത്രക്കാരെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം ആരോപിച്ചു. ഇതുമൂലം വേണാട് 10 മണിയ്ക്ക് ശേഷമാണ് മിക്കദിവസവും എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരുന്നത്.

സ്ഥിരമായി വൈകിയെത്തുന്നമൂലം പകുതി സാലറിയും ജോലിയും വരെ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുള്ളതിനാൽ വേണാടിനെ വിശ്വസിച്ച് ജോലിയാവശ്യങ്ങൾക്കായി ആശ്രയിക്കാൻ പറ്റാത്ത അവസ്ഥയാണ്. വന്ദേഭാരതിനെ നല്ല മനസ്സോടെ സ്വീകരിക്കുന്നെന്നും എന്നാൽ റെയിൽവേ സാധാരണ യാത്രക്കാരെ കൂടി പരിഗണിക്കണമെന്നും, പരിഷ്കരിച്ച സമയക്രമത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുകയും രാവിലെ മുളന്തുരുത്തിയിലും രാത്രി കോട്ടയത്തും വന്ദേഭാരത്‌ കടന്നുപോകാൻ അരമണിക്കൂറോളം പിടിക്കുന്ന പാലരുവിയ്ക്ക് ഐലൻഡ് പ്ലാറ്റ് ഫോമായ ഏറ്റുമാനൂരിൽ ഒരു മിനിറ്റ് നിർത്തുന്നതിൽ യാതൊരു സാങ്കേതിക തടസ്സവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യങ്ങൾ ന്യായമാണെന്നും പരിഹാരമാകാത്തപക്ഷം തുടർ സമരങ്ങളുമായി മുന്നോട്ടുപോകാനുമാണ് യാത്രക്കാരുടെ തീരുമാനം.

സ്റ്റേഷനിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയും മഴനനയാതിരിക്കാനുള്ള റൂഫുകളുടെ അപര്യാപ്തതയും യാത്രാക്ലേശം ഇരട്ടിപ്പിക്കുന്നതായും ഇരുട്ടിൽ തപ്പി സ്റ്റേഷനിൽ എത്തിച്ചേരേണ്ട അവസ്ഥയ്‌ക്ക് അടിയന്തിര പരിഹാരം കാണണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ ആവശ്യപ്പെട്ടു. യാത്രാദുരിതം മുഖ്യ അജണ്ടയായ പ്രതിഷേധത്തിൽ സ്ത്രീകളെയും വിദ്യാർത്ഥികളെയും ഏകോപിപ്പിച്ചു നിർത്തുന്നതിൽ രജനി സുനിൽ, മഞ്ജുഷ എന്നിവർ മുഖ്യ പങ്കുവഹിച്ചു. യാത്രക്കാരുടെ ആരോപണങ്ങൾക്ക് അടിവരയിട്ടുകൊണ്ട് പതിവ് തെറ്റിക്കാതെ അരമണിക്കൂർ വൈകി 9.10 നാണ് വേണാട് ഇന്നും ഏറ്റുമാനൂർ എത്തിച്ചേർന്നത്.