എം സി റോഡിൽ വീണ്ടും അപകടം: തെള്ളകത്ത് കുറുകെ ചാടിയ ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ച കാർ തലകീഴായി മറിഞ്ഞു; നാലു പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : എം.സി റോഡിലെ അപകടക്കെണി ഒഴിയുന്നില്ല. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന എം സി റോഡ് തെള്ളകം ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ ഒരു കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ നാലുപേർക്ക് നിസാര പരിക്കേറ്റു.
വെളളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തെള്ളകത്ത് റോഡിൽ കുറുകെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാനാണ് കാർ വെട്ടിച്ചു മാറ്റിയത്. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡിൽ തലകീഴായി മറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം റോഡരികിലൂടെ നടന്നു പോയ സ്ത്രീയ്ക്കും , കാർ യാത്രക്കാർക്കും അടക്കം നാലു പേർക്ക് നിസാരമായി പരിക്കേറ്റു. രാവിലെ തെള്ളകം ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് മുൻപിലായിരുന്നു അപകടം.ഏറ്റുമാനൂരിൽ നിന്നും വന്നതായിരുന്നു കാർ. എതിർ ദിശയിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരിതെറ്റിച്ച് വന്നതായിരുന്നു ബൈക്ക്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശൂപത്രിൽ പ്രേവേശിപ്പിച്ചു.
തെള്ളകം മുതൽ കാരിത്താസ് വരെയുള്ള ഭാഗം നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലമാണ്. ഇവിടെ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും യാത്രക്കാരുടെ അശ്രദ്ധ മൂലമാണ് എന്ന ആരോപണം ഉണ്ട്.