കോട്ടയം: സ്ഥലം വിൽപ്പനയ്ക്കായി എത്തിയ വീട്ടമ്മയെ പത്തടിയിലേറെ താഴ്ച്ചയുള്ള റബർ തോട്ടത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശി ലത (60)യെയാണ് ഏറ്റുമാനൂർ മംഗളംകോളേജിനു സമീപം പുന്നത്തുറ കല്ലുകീറാം തടം കോളനിയിലേയ്ക്കുള്ള വഴിക്കരികിലെ പത്തടി ആഴമുള്ള കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്ലുകീറാംതടം കോളനിയിൽ ഇവർക്ക് മൂന്നു സെന്റ് സ്ഥലമുണ്ടായിരുന്നു. ഈ സ്ഥലം വിൽക്കുന്നതിന്റെ ആവശ്യത്തിനായി ഇന്നലെ രാവിലെയാണ് ഇവർ ഇവിടെ കോളനിയിൽ എത്തിയത്. കോളനിയിലേയ്ക്കു നടന്നു വരുന്നതിനിടെ റോഡിലെ വേരിൽ തട്ടി കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റോഡരികിലെ താഴ്ചയിൽ ഇവർ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഏറ്റുമാനൂർ സിഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അസ്വാഭാവികമരണത്തിനു പൊലീസ് കേസെടുത്തു.