
ഏറ്റുമാനൂരിൽ തെള്ളകത്ത് ടയർ പഞ്ചറായി നിയന്ത്രണം വിട്ട മിനി ലോറി റോഡിൽ മറിഞ്ഞു: ഇതര സംസ്ഥാന തൊഴിലാളിയുടെ കൈപ്പത്തി അറ്റു; പത്തു തൊഴിലാളികൾക്ക് പരിക്ക് മറിഞ്ഞത് വാർക്കപണിക്കാരുമായി പോയ ലോറി
തേർഡ് ഐ ബ്യൂറോ
കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് കുരിശുപള്ളിയ്ക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡിൽ മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ബംഗാൾ സ്വദേശിയുടെ കൈപ്പത്തിയറ്റു. ബംഗാൾ സ്വദേശി മുഹമ്മദ് ഇമാദുൾ റഹ്മാന്റെ (27)കൈപ്പത്തിയാണ് മുറിഞ്ഞു മാറിയത്. അപകടത്തിൽ ഇയാൾ അടക്കം ലോറിയിലുണ്ടായിരുന്ന പത്തു പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ 6.45 ന എംസി റോഡിൽ തെള്ളകം കുരിശ്പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. വാർക്കപ്പണിക്കുള്ള സാധനങ്ങളും കയറ്റി, തൊഴിലാളികളുമായി ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്നു ലോറി.
തെള്ളകം ഭാഗത്ത് വച്ച് ടയർ പഞ്ചറായ ലോറി റോഡിൽ ഒരു വശം ചേർന്ന് മറിയുകയായിരുന്നു. തൊഴിലാളികളിൽ ഭൂരിഭാഗവും ലോറിയുടെ പിന്നിൽ നിൽക്കുകയായിരുന്നു. ലോറിയുടെ പിന്നിൽ കൈ കുടുങ്ങിയാണ് ഇമാദുൾ റഹ്മാന്റെ ഇടത് കൈപ്പത്തി അറ്റത്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശപത്രയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ പത്തുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് കോട്ടയം അഗ്നിരക്ഷാ സേനാ സ്‌റ്റേഷൻ ഓഫിസർ ശിവദാസന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം സ്ഥലത്ത് എത്തി ഏഴരയോടെ, നീലിമംഗലത്തു നിന്നുള്ള ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി റോഡരികിലേയ്ക്ക് മാറ്റി. ഇതോടെയാണ് എം.സി റോഡിലെ ഗതാഗത തടസം മാറിയത്.
ലോറിയുടെ ടയറുകൾ കാലപ്പഴക്കമുള്ളതായിരുന്നു. ഇതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. എല്ലാ ടയറുകളും തേഞ്ഞു തീർന്നതായിരുന്നു. അമിത വേഗത്തിൽ, ഏഴു യാത്രക്കാരെ പിന്നിൽ നിർത്തിയാണ് ലോറി എത്തിയത്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
