നടുപ്പാറ റിസോർട്ടിലെ ഇരട്ടകൊലപാതകം: ദമ്പതികൾ അറസ്റ്റിൽ; കൊല്ലപ്പെട്ട റിസോർട്ട് ഉടമയുടെ മോഷണം പോയ കാർ കണ്ടെത്തി ; മോഷണം പോയ 200 കിലോ ഏലം വിറ്റതായും കണ്ടെത്തി
സ്വന്തം ലേഖകൻ
ഇടുക്കി: നടുപ്പാറ റിസോർട്ടിലെ ഇരട്ടകൊലപാതകത്തിൽ ദമ്പതികൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന റിസോർട്ട് ജീവനക്കാരൻ ബോബിനെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കൊല്ലപ്പെട്ട റിസോർട്ട് ഉടമ ജേക്കബ് വർഗ്ഗീസിന്റെ മോഷണം പോയ കാർ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി. എസ്റ്റേറ്റിൽനിന്ന് 200 കിലോ ഏലം മോഷണം പോയിരുന്നു. ഇത് സമീപത്തെ കടയിൽ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെന്ന് സംശയിക്കുന്ന ബോബിനെ കണ്ടെത്താൻ സൈബർ സെല്ലുമായി ചേർന്ന് ഇയാളുടെ ഫോൺ നമ്പർ ട്രേസ് ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗ്ഗീസ് വെടിയേറ്റും മുത്തയ്യ വെട്ടേറ്റുമാണ് മരിച്ചത്. സന്ദർശകർക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്റ്റേറ്റിലെ കണക്കുകൾ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ റിസോർട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group