
എരുമേലി: ശബരിമല സീസണ്‍ ആരംഭിക്കാൻ ഇനി അഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ എരുമേലിയിലെ വലിയമ്പലത്തില്‍ ഇടത്താവളത്തിനുള്ള കെട്ടിട സമുച്ചയത്തിന്‍റെ നിർമാണങ്ങള്‍ പുരോഗമിക്കുന്നു.
നാല് വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്.
പക്ഷേ, പണികള്‍ ഇടയ്ക്കുവച്ച് നിർത്തുകയും തുടർന്ന് നിർമാണം ഇഴയുകയുമായിരുന്നു. 15 കോടി രൂപ കിഫ്‌ബി ഫണ്ടില്‍ ചെലവിട്ടാണ് നിർമാണം.
കെട്ടിടത്തിന്‍റെ ആദ്യ നിലയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി ഈ സീസണില്‍ തുറന്നുകൊടുക്കാനാണ് ഇപ്പോള്‍ പണികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നലെ വലിയ ക്രെയിൻ യൂണിറ്റ് നിർമാണ സ്ഥലത്ത് എത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര മതില്‍ക്കെട്ട് ഇതിനായി പൊളിക്കേണ്ടിവന്നു. ക്രെയിൻ യൂണിറ്റ് ക്ഷേത്ര വളപ്പില്‍ കടക്കാൻ ഇടുങ്ങിയ മതില്‍ തടസമായിരുന്നു. ക്ഷേത്രത്തിന്‍റെ മുന്നിലുള്ള ഒരു പാർക്കിംഗ് സ്ഥലം നിർമാണ ആവശ്യത്തിനായി അടച്ചു കെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ കെട്ടിട നിർമാണം പൂർത്തിയാകാത്തതിനാല്‍ താത്കാലിക ഷെഡുകള്‍ നിർമിച്ചാണ് തീർഥാടകർക്ക് വിശ്രമ സൗകര്യം ഒരുക്കിയത്. ഓഡിറ്റോറിയം, ഡോർമെറ്ററികള്‍, ശൗചാലയങ്ങള്‍, ഹാള്‍, മെസ്, 16 മുറികള്‍, പാർക്കിംഗ് സൗകര്യം എന്നിവയ്ക്കായാണ് 15 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചത്.
കരാറുകാർ തമ്മിലുള്ള തർക്കം മൂലമാണ് ഒരു വർഷത്തോളം നിർമാണം നിലച്ചിരുന്നത്. ഇത് പരിഹരിച്ച് കഴിഞ്ഞയിടെയാണ് നിർമാണം പുനരാരംഭിച്ചത്. നിർമാണ പുരോഗതി കഴിഞ്ഞ ദിവസം സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ എത്തി വിലയിരുത്തിയിരുന്നു.