
കോട്ടയം (എരുമേലി): മണ്ഡലകാലത്തിന്റെ ആദ്യ ദിവസം എരുമേലിയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. ഞായറാഴ്ച വൈകിട്ടു മുതൽ ഇന്നലെ രാവിലെ വരെ എരുമേലിയിൽ 5000 തീർഥാടക വാഹനങ്ങൾ എത്തി. പൊലീസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം തീർഥാടനത്തിന്റെ ആദ്യ ദിവസം 2000 വാഹനങ്ങളായിരുന്നു എത്തിയത്.
ഇന്നലെ പുലർച്ചെയും രാവിലെയും 2 മണിക്കൂർ വരെ വാഹനങ്ങൾ കുരുക്കിൽപെട്ടു. തീർഥാടകർ മാത്രമല്ല, ഓഫിസുകളിൽ പോകേണ്ടവരും സ്കൂൾ വിദ്യാർഥികളും ഏറെ കഷ്ടപ്പെട്ടു. ഗതാഗതക്കുരുക്ക് ഉച്ചയോടെ പരിഹരിച്ചെന്ന് ഡിവൈഎസ്പി സാജു വർഗീസ് പറഞ്ഞു. തിരക്കിനെ തുടർന്ന് രാവിലെ അരമണിക്കൂർ സ്പോട്ട് ബുക്കിങ് മുടങ്ങി.
കാനനപാത തുറന്നു. ചെന്നൈ സ്വദേശിയായ എൻജിനീയർ ഗിരിധർ ആണ് കോയിക്കക്കാവ് വനംവകുപ്പ് ചെക്പോസ്റ്റ് കടന്ന് കാനന പാതയിലൂടെ ആദ്യം യാത്ര ചെയ്ത തീർഥാടകൻ. 73 വയസ്സുള്ള ഗിരിധർ 53–ാം തവണയാണ് ഈ വഴി ശബരിമലയ്ക്ക് യാത്ര ചെയ്യുന്നത്. വനംവകുപ്പ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.സുരേഷിനാണ് കോയിക്കക്കാവ് ചെക്പോസ്റ്റിലൂടെ കടന്നുപോകുന്ന തീർഥാടകരുടെ നിരീക്ഷണച്ചുമതല. 700 തീർഥാടകരാണ് ആദ്യദിനം കടന്നുപോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


