അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തെ വിളിച്ചുണർത്തുന്ന ആഘോഷങ്ങൾക്ക് എരുമേലിയിൽ തുടക്കമായി
സ്വന്തം ലേഖകൻ
കോട്ടയം: ചന്ദനക്കുടഘോഷങ്ങളുടെ അഴകേറിയ രാത്രിക്കായി എരുമേലി ഒരുങ്ങി കഴിഞ്ഞു. ഒപ്പം ഞായറാഴ്ച പകൽ ഭക്തിയുടെ രൗദ്രവും ശാന്ത ഭാവങ്ങളുമായുള്ള ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിനായി കാത്തിരിക്കുകയുമാണ്.
ചന്ദനക്കുടവും പേട്ടതുള്ളലും എരുമേലിയുടെ സ്വന്തം ഉത്സവം ആയിട്ട് പതിറ്റാണ്ടുകളായി. ഓരോ വർഷവും ശബരിമല തീർത്ഥാടനകാലം പൂർണമാകുന്നത് നാടിന്റെ ഈ ആഘോഷത്തോടെയാണ്. വൃതം നോറ്റ് ശബരിമല കയറാനെത്തുന്ന ഭക്തർ മുസ്ലിം പള്ളിയെ ആദരവോടെ നമിച്ച ശേഷമാണ് അയ്യപ്പ സ്തുതികളുമായി പേട്ടതുള്ളുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പനും മുസ്ലിം സുഹൃത്തായ വാവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെയാണ് ഇത് വിളിച്ചുണർത്തുന്നത്. പള്ളിയെ പ്രണമിക്കുന്ന അയ്യപ്പഭക്തർക്ക് പ്രത്യഭിവാദ്യമായി മുസ്ലിം ജമാഅത്ത് ചന്ദനക്കുടഘോഷം നടത്തിവരുന്നു.
ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് ചന്ദനക്കുടഘോഷം തുടങ്ങുന്നത്. അതിന് തൊട്ടുമുമ്പ് ജമാഅത്ത് ഹാളിൽ അമ്പലപ്പുഴ സംഘം, പന്തളം രാജപ്രതിനിധി, ജമാഅത്ത് ഭാരവാഹികൾ എന്നിവരുടെ സൗഹൃദ സംഗമം. തുടർന്ന് ഗജവീരന്മാരെ എഴുന്നെള്ളിച്ച് ഘോഷയാത്രക്ക് തുടക്കമാകും. ഒപ്പം പള്ളിമുറ്റത്ത് സമ്മേളനം ആരംഭിക്കും.
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എം പി, എംഎൽഎ മാരായ പി സി ജോർജ്, രാജു എബ്രഹാം, പ്രൊഫ. എൻ ജയരാജ്, ഇ എസ് ബിജിമോൾ, മുൻ എംഎൽഎ വി എൻ വാസവൻ, ദേവസ്വം പ്രസിഡന്റ് എൻ വാസു, കളക്ടർ സുധീർ ബാബു, എസ് പി പി എസ് സാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ പേട്ടക്കവല, കൊച്ചമ്പലം, ചരള, പ്രൈവറ്റ് ബസ് സ്റ്റാന്റ്, പോലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്വീകരണങ്ങളോടെ ചുറ്റി വലിയമ്പലത്തിൽ എത്തുന്ന ഘോഷയാത്രയെ ദേവസ്വം ഭാരവാഹികൾ പൂർണ്ണകുംഭങ്ങൾ സമ്മാനിച്ചാണ് എതിരേൽക്കുക. അമ്മൻകുടം, ചെണ്ടമേളം, പൂക്കാവടി, കൊട്ടക്കാവടി, മാപ്പിള ഗാനമേള എന്നിവ ഘോഷയാത്രക്ക് നിറപ്പകിട്ടാകും.
ശ്രീ അയ്യപ്പൻ മഹിഷിയെ വധിച്ചതിന്റെ ഐതീഹ്യ സ്മരണയിൽ പിറ്റേന്ന് രാവിലെ 11 മണിയോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. ഉച്ചയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ.
അമ്പലപ്പുഴ സംഘം രൗദ്ര ഭാവത്തിലും ആലങ്ങാട് സംഘം ശാന്ത ഭാവത്തിലുമാണ് പേട്ടതുള്ളുക. നൂറുകണക്കിന് ആളുകളാണ് പേട്ടതുള്ളൽ വീക്ഷിക്കാൻ തിങ്ങിനിറയുക. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം, ജമാഅത്ത് പ്രതിനിധികൾ അറിയിച്ചു.