നാലു ദിവസം മുമ്പ് ജോലിക്കെത്തി;രാത്രിയിൽ സഹപ്രവർത്തകരുടെ മൊബൈൽ ഫോണുകളുമായി സ്ഥലം വിട്ടു; മോഷ്ടിച്ച മൊബൈൽ ഫോണിൽ ഉടമയുടെ വിളിയെത്തി;ഒടുവിൽ മായക്കണ്ണൻ റെയിൽവേ പൊലീസിന്റെ വലയിൽ കുടുങ്ങി

Spread the love

കൊച്ചി: മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ കള്ളൻ ഉടമയുടെ ഫോൺ വിളിയിൽ കുടുങ്ങി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

video
play-sharp-fill

തമിഴ്നാട് മധുര തിരുമംഗലം സ്വദേശി മായക്കണ്ണനാണ് (31) റെയിൽവേ പൊലീസിന്റെ പിടിയിലായത്. കായംകുളം നഗരത്തിലെ ഹോട്ടലിൽ നാലു ദിവസം മുമ്പ് ജോലിക്ക് ചേർന്ന ഇയാൾ വ്യാഴാഴ്ച രാത്രി സഹപ്രവർത്തകരുടെ രണ്ട് മൊബൈൽ ഫോണുകളുമായി സ്ഥലം വിടുകയായിരുന്നു. ഹോട്ടലിന് മുകളിലെ വിശ്രമമുറിയിൽ ജീവനക്കാർ കിടന്നുറങ്ങുമ്പോഴായിരുന്നു മോഷണം.

തുടർന്ന് ഇന്നലെ രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ മായക്കണ്ണൻ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലൂടെ നീങ്ങുന്നതിനിടെയാണ് സംശയം തോന്നിയ റെയിൽവേ പൊലീസിലെയും ആർ.പി.എഫിലെയും ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈവശം ആധാർ കാർഡ് ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നില്ല. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ പത്രങ്ങൾക്കിടെ തിരുകി ഒളിപ്പിച്ച രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി.ഫോണുകൾ തന്റേതാണെന്ന് മായക്കണ്ണൻ പറയുന്നതിനിടെയാണ് ഫോണുകളിൽ ഒന്നിലേക്ക് വിളിയെത്തിയത്.

റെയിൽവേ പ്രിൻസിപ്പൽ എസ്.ഐ നിസാറുദ്ദീനാണ് ഫോണെടുത്തത്. കായംകുളത്തെ ഹോട്ടൽ ജീവനക്കാരൻ രാംകുമാറാണ് വിളിക്കുന്നതെന്നും തന്റേതുൾപ്പെടെ രണ്ട് ഫോണുകൾ മോഷണം പേയതായും വിളിച്ചയാൾ പറഞ്ഞു.

ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളിയുടേതാണ് മോഷണം പോയ രണ്ടാമത്തെ ഫോണെന്നും തിരിച്ചറിഞ്ഞു. രാംകുമാർ പറഞ്ഞ പാസ്‌വേഡ് ഉപയോഗിച്ച് ഫോൺ തുറന്നപ്പോൾ മോഷണം പോയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാംകുമാർ ഇന്നലെ സൗത്ത് സ്റ്റേഷനിലെത്തി ഫോൺ തിരിച്ചറിഞ്ഞു. മായക്കണ്ണനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെക്കുറിച്ച് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

റെയിൽവേ പൊലീസിന് പുറമെ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ ടി.കെ.അജി, ഇൻസാർ, അജയഘോഷ്, ശ്രീകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.