എറണാകുളത്തെ പ്രമുഖ സർക്കാർ സ്കൂളിൽ പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് പിടിഎ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി താത്കാലിക ജീവനക്കാരി; പണമെടുക്കാന്‍ ചെക്കുമായി ബാങ്കില്‍ എത്തിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക അക്കൗണ്ടില്‍ പണമില്ലെന്ന് അറിഞ്ഞതോടെ തട്ടിപ്പ് പുറത്ത്: പിടിയിലായത് കോഴിക്കോട് സ്വദേശിനി ഷെറീന 

Spread the love

കൊച്ചി: പിടിഎ ഫണ്ടില്‍ നിന്ന് പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ കേസില്‍ താത്കാലിക ജീവനക്കാരി അറസ്റ്റില്‍. എറണാകുളത്തെ പ്രമുഖ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ താത്കാലിക ജീവനക്കാരി കോഴിക്കോട് സ്വദേശിനി ഷെറീനയാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

നാല് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയത്. കഴിഞ്ഞ ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ ഏഴ് ചെക്കുകള്‍ വ്യാജമായി ഉപയോഗിച്ച്‌ ഷെറീന പണം കൈക്കലാക്കിയതായാണ് കണ്ടെത്തല്‍.

കുട്ടികളുടെ ആവശ്യത്തിനായി പണമെടുക്കാൻ ഹൈസ്കൂള്‍ പ്രധാനാധ്യാപിക ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ താത്കാലിക ജീവനക്കാരി പലപ്പോഴായി പണം പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ അറിയിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയില്‍ വ്യാജരേഖ ചമച്ച്‌ പണം തട്ടിയതിനാണ് ഷെറീനയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷം മുമ്പ് പിടിഎ മുൻകൈയെടുത്ത് നിയമിച്ച ജീവനക്കാരിയാണ് ഷെറീന. പിടിഎയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഫീസിലെ ജോലികളുമായിരുന്നു ഇവർക്ക്. പ്രിൻസിപ്പലിന്റെ ഓഫീസിനോട് ചേർന്നായിരുന്നു ജോലിസ്ഥലം എന്നതിനാല്‍ ചെക്കുകളും മറ്റ് രേഖകളും സൂക്ഷിക്കുന്ന ഇടങ്ങളെക്കുറിച്ച്‌ ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്കൂളിന്റെ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പോകുന്ന അവസരങ്ങളിലാണ് വ്യാജ ചെക്കുകള്‍ സമർപ്പിച്ച്‌ പണം കൈക്കലാക്കിയത്.

മറ്റാരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പണം തട്ടിയെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പില്‍ ജീവനക്കാരിയുമായി അടുപ്പമുള്ള സ്കൂളിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. പണം തിരിച്ചടച്ച്‌ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.