ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കില്ല; എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ ധാരണയായി; ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ വികാരിക്ക് താക്കോല്‍ കൈമാറും
സ്വന്തം ലേഖിക
എറണാകുളം: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറന്നു പ്രവര്‍ത്തിക്കാൻ തീരുമാനമായി.
സീറോമലബാര്‍ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി മാത്രമേ ബസിലിക്കയില്‍ അനുവദനീയമായിട്ടുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്‍റേയും സിവില്‍ കോടതികളുടേയും തീരുമാനങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്.
സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയല്ലാതെ ജനാഭിമുഖ കുര്‍ബാന ബസിലിക്കയില്‍ അര്‍പ്പിക്കുകയില്ലെന്ന് ബഹു. വികാരി മോണ്‍. ആന്റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. മറിച്ചു സംഭവിച്ചാല്‍ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകും.
ബസിലിക്ക തുറന്ന് വിശുദ്ധ കുര്‍ബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങള്‍ നടത്താൻ ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ വികാരിക്ക് താക്കോല്‍ കൈമാറാനും തീരുമാനമായി.
കോടതി വ്യവഹാരം തുടരുന്നതിനാല്‍ ബസിലിക്കാ അഡ്മിനിസ്ട്രേറ്റര്‍ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്‍സ്ഥാനത്ത് തുടരാനും ധാരണയായി. ബസിലിക്ക തുറക്കുന്ന ദിവസം വികാരി ജനറാള്‍ റവ. ഫാ. വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ പള്ളിയും പരിസരവും വെഞ്ചരിക്കുന്നതാണ്.
ഈ സാഹചര്യങ്ങള്‍ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്‍റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗണ്‍സില്‍ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാല്‍, മേല്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കാൻ പാരിഷ് കൗണ്‍സിലിന്‍റെ അംഗീകാരം ആവശ്യമില്ല.ജൂണ്‍ 15 വ്യാഴാഴ്ച്ച ചേര്‍ന്ന സിനഡുസമ്മേളനം മേല്‍ പറഞ്ഞ ധാരണയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി.