പർദ ധരിച്ചു സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തും; കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഫോൺ ഒളിപ്പിച്ചു വച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോടു ചേർത്ത് ഒട്ടിച്ചുവച്ചു; മാളിലെ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ സംശയത്തിൽ കുടുങ്ങിയ അഭിമന്യൂ ബിടെക് റോബട്ടിക്‌സ് എൻജിനീയറിങ്ങിൽ റാങ്കോടെ വിജയിച്ച വ്യക്തി; കൂടുതൽ ​ചോ​ദ്യം ചെയ്യലിന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കളമശേരി: ഇടപ്പള്ളിയിലെ വ്യാപാര കേന്ദ്രത്തിലെ സ്ത്രീകളുടെ ശുചിമുറിയിൽ പർദ ധരിച്ചെത്തി ഒളിക്യാമറ സ്ഥാപിച്ചു ചിത്രങ്ങൾ പകർത്തിയതിന് അറസ്റ്റിലായ യുവാവ് ബിടെക് റോബട്ടിക്‌സ് എൻജിനീയറിങ്ങിൽ റാങ്കോടെ വിജയിച്ച വ്യക്തി. കണ്ണൂർ ഓണക്കുന്ന് കരുവള്ളൂർ മുല്ലേഴിപ്പാറ വീട്ടിൽ എം.എ.അഭിമന്യുവാണ് (23) പിടിയിലായത്.

പർദ ധരിച്ചു സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് അഭിമന്യു വിഡിയോ പകർത്തിയെന്നു പൊലീസ് കണ്ടെത്തി. ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിമന്യു സമാന കേസുകളിൽ നേരത്തെ കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കും. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. വ്യാപാര കേന്ദ്രത്തിൽ എത്തിയ അഭിമന്യു കയ്യിൽ കരുതിയിരുന്ന പർദ ഒഴിഞ്ഞ സ്ഥലത്തു വച്ചു ധരിക്കുകയും തുടർന്നു സ്ത്രീകളുടെ ശുചിമുറിക്കുള്ളിൽ കയറുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യിലുണ്ടായിരുന്ന മൊബൈൽഫോൺ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോടു ചേർത്ത് ഒട്ടിച്ചുവച്ചു. അവിടെ നിന്നു പുറത്തിറങ്ങിയ അഭിമന്യു പ്രധാന വാതിലിനു മുന്നിൽ നിന്നു പരുങ്ങുന്നതു കണ്ടു വ്യാപാരകേന്ദ്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിമന്യു പിടിയിലായത്. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺവേഷത്തിൽ എത്തിയ പുരുഷനാണ് ഇതെന്നും ശുചിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയിൽ നിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ വീഡിയോ പകർത്തുവാൻ ഉപയോഗിച്ച മൊബൈൽ ഫോണും ധരിച്ചിരുന്ന പർദ്ദയും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354(C) (വോയൂറിസം) , 419 (ആൾമാറാട്ടം), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 66(E) എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ മറ്റ് സ്ഥാപനങ്ങളിൽ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മാളുകളിൽ എത്തി ഇയാൾ ഇത്തരം പ്രവർത്തികൾ സ്ഥിരമായി ചെയ്തുവെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്‌തോ എന്നും പരിശോധിക്കും.