
എറണാകുളം: തൃപ്പൂണിത്തുറയിൽ മൂന്നാം പ്ലാറ്റ് ഫോം വേണമെന്ന ആവിശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസ്.
കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കുന്നത് പ്ലാറ്റ് ഫോമുകളുടെയും പിറ്റ് ലൈനുകളുടെയും അഭാവമാണ്. മൂന്നും നാലും പാതകൾക്ക് മുമ്പേ ചർച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതും എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യമാണ്.

എറണാകുളം ജംഗ്ഷനിൽ 6 പ്ലാറ്റ് ഫോമുകൾ ഉണ്ടെങ്കിലും മൂന്ന് പ്ലാറ്റ് ഫോമിൽ മാത്രമാണ് 22 കോച്ചുകളെ സ്വീകരിക്കാൻ സാധിക്കുകയുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറാമത്തെ പ്ലാറ്റ് ഫോം പാസഞ്ചർ, മെമു സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എറണാകുളം ടൗൺ സ്റ്റേഷൻ അടിമുടി നവീകരിക്കുമ്പോഴും പുതിയ പ്ലാറ്റ് ഫോമുകൾ പദ്ധതിയിലില്ലാത്തതിനാൽ യാത്രാക്ലേശത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല.

ഇവിടെയാണ് തൃപ്പൂണിത്തുറ സ്റ്റേഷൻറെ പ്രാധാന്യം വർദ്ധിക്കുന്നത്. നിലവിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിൽ ലിഫ്റ്റിന്റെ പണി അന്തിമഘട്ടത്തിലാണ്. അതിനായി രണ്ടാം പ്ലാറ്റ് ഫോമിന്റെ ചുറ്റുമതിൽ പൊളിച്ചിട്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്ലാറ്റ് ഫോമിനായി ട്രാക്കുകൾ മാത്രം ക്രമീകരിച്ചാൽ വലിയ തോതിലുള്ള വികസനത്തിന് സാധ്യതകൾ തെളിയും.

റൂഫുകളും മറ്റു സൗകര്യങ്ങളും രണ്ടാമത്തെ പ്ലാറ്റ് ഫോമുമായി പങ്കിടുന്നതിനാൽ വളരെ കുറഞ്ഞ നിരക്കിൽ എറണാകുളം ജില്ലയ്ക്ക് ഒരു പ്ലാറ്റ് ഫോം അതിലൂടെ ലഭ്യമാകും. ആ ഒറ്റ പ്ലാറ്റ് ഫോമിൽ കേരളത്തിൽ എന്തൊക്കെ മാറ്റം വരുമെന്നത് സാധാരണ ചിന്തകൾക്കും അതീതമാണ്.
എറണാകുളത്തെ പ്ലാറ്റ് ഫോമിന്റെ അഭാവം മൂലം നഷ്ടപ്പെട്ട നിരവധി ഉത്തരേന്ത്യൻ ട്രെയിനുകളുടെ പ്രൊപോസൽ അതിലൂടെ സാധ്യമാകും. എറണാകുളം ടൗൺ സ്റ്റേഷൻ വഴി കടന്നുപോകുന്നതിനാൽ യാത്രക്കാർക്ക് യാതൊരുവിധ അസൗകര്യങ്ങൾക്കോ ആശങ്കകൾക്കോ ഇടം നൽകുന്നില്ല

എറണാകുളത്ത് പിറ്റ് ലൈൻ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് തൃപ്പൂണിത്തുറയിലെ അധികമായി കണ്ടെത്തുന്ന പ്ലാറ്റ് ഫോമുകൾക്ക് കഴിയും. തൃപ്പൂണിത്തുറയിൽ അവസാനിക്കുന്ന ട്രെയിനുകൾ സമീപത്തെ യാർഡിലേയ്‌ക്കും പിറ്റ് ലൈനിലേയ്‌ക്കും മാറ്റിയിടുന്നതിന് സാങ്കേതിക തടസ്സങ്ങളും ഇല്ല. മറ്റു സ്റ്റേഷനുകളെ അപേക്ഷിച്ച് എറണാകുളത്ത് റെയിൽവേയുടെ കൈവശമുള്ള ഭൂമിയിൽ തന്നെ കൂടുതൽ പിറ്റ് ലൈനുള്ള സാധ്യതകളും അനായാസം കണ്ടെത്താൻ കഴിയും.
നിലവിൽ എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന നിരവധി ട്രെയിനുകൾ ആലുവ മുതൽ കളമശ്ശേരി, ഇടപ്പള്ളി സ്റ്റേഷനിലും ഔട്ടറിലും മാറിമാറി പിടിച്ചിടേണ്ടി വരുന്നത് ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യം മൂലമാണ്.
നാട്ടിൽ ചെലവൊഴിക്കാനെത്തിയ അവധി ദിവസങ്ങളിലെ മണിക്കൂറുകളാണ് യാത്രക്കാർക്ക് ഇതിലൂടെ നഷ്ടപ്പെടുന്നത്. രണ്ടും മൂന്നും ദിവസം യാത്ര ചെയ്ത് നാട്ടിലെത്താൻ കൊതിക്കുന്ന മലയാളിയെ ഡെസ്റ്റിനേഷന് മീറ്ററുകൾക്കിപ്പുറം അതികഠിനമായ നരകയാതനയാണ് ഇതിലൂടെ സമ്മാനിക്കുന്നത്.
മെട്രോ സംവിധാനം നഗരത്തിന്റെ എല്ലാ നാഡീഞരമ്പുകളെയും ബന്ധിപ്പിക്കുന്നതിനാൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനുകൾ ആരംഭിക്കുന്നതിനോ അവസാനിപ്പിക്കുന്നതിലോ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല.
തൃപ്പൂണിത്തുറ മെട്രോ ടെർമിനലും സ്റ്റേഷനും തമ്മിലുള്ള ആകാശപാത അടിയന്തിര പരിഗണനയിലുണ്ട്. മെട്രോ അനുദിനം സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ്. എറണാകുളം ജില്ലയുടെ ടൗൺ വികസനം തൃപ്പൂണിത്തുറയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷന്റെ വികസനം കൂടി അനിവാര്യമാണ്.
വടക്കൻ സംസ്ഥാനങ്ങളെ തൊഴിൽ, പഠന ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന നിരവധി മലയാളികൾക്ക് അടിസ്ഥാന യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഉതകുന്ന വികസനമാണ് കേരളത്തിൽ ഇനി നടപ്പിലാക്കേണ്ടത്. കേരളത്തിന്റെ ഐ ടി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ സ്റ്റേഷനെ പ്രതിദിനം പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്നുണ്ട്. വരുമാനത്തിലെ ഗണ്യമായ വർദ്ധനവ് അത് ശരിവെയ്ക്കുന്നുമുണ്ട്. കെട്ടിടങ്ങളല്ല, ദീർഘ വീക്ഷണത്തോടെയുള്ള വികസനമാണ് കേരളത്തിന് ആവശ്യം.
തൃപ്പൂണിത്തുറയിലെ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ നേട്ടം കേവലം പ്രദേശ വാസികൾക്ക് മാത്രമല്ല, കേരളത്തിലൊന്നടങ്കം അത് പ്രതിഫലിക്കുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് അവകാശപ്പെടുന്നു. അതിനായി ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ തേടുകയാണെന്ന് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, യദു കൃഷ്ണൻ, സിമി ജ്യോതി, ജീന, രജനി സുനിൽ എന്നിവർ പറഞ്ഞു.



