play-sharp-fill
പിച്ചചട്ടിയിൽ കൈയിട്ടുവാരിയ പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി സ്ഥലമാറ്റത്തിൽ ഒതുക്കിയതിനു പിന്നിൽ ഉന്നത ബന്ധങ്ങൾ

പിച്ചചട്ടിയിൽ കൈയിട്ടുവാരിയ പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി സ്ഥലമാറ്റത്തിൽ ഒതുക്കിയതിനു പിന്നിൽ ഉന്നത ബന്ധങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയബാധിതർക്കുള്ള സാധനങ്ങൾ കടത്തികൊണ്ടുപോയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ 11 വനിതാ പോലീസുകാരുൾപ്പടെ 12 ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം. ഇവരെ വിവിധ സ്റ്റേഷനുകളിലേക്കു മാറ്റി സിറ്റിപോലീസ് കമ്മിഷണർ ഉത്തരവിറക്കി. വിവിധ സ്ഥലങ്ങളിൽനിന്നു ദുരിതബാധിതർക്കായി എത്തിയ സാധനങ്ങൾ തരം തിരിക്കാനായി പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇങ്ങനെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ ശേഖരിച്ചിരുന്ന വസ്തുക്കൾ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കടത്തിയതാണ് വിവാദമായത്. തുണികളും അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള സാധനങ്ങളുമാണ് പോലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ കാറിൽ കടത്തിയത്. ഇതിന്റെ സിസി.ടി.വി. ദൃശ്യങ്ങൾ സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ചതോടെയാണു സംഭവം വിവാദമായത്. തുടർന്നു ഡി.ജി.പി. ഇന്റലിജൻസ് വിഭാഗത്തോട് റിപ്പോർട്ട് തേടി. ഇതിനു പിന്നാലെ സെൻട്രൽ സി.ഐ. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടു. തങ്ങളുടെ വീടിനടുത്തുള്ള ക്യാമ്പുകളിൽ വിതരണം ചെയ്യാനായാണു സാധനങ്ങൾ കൊണ്ടുപോയതെന്ന വിശദീകരണമാണ് ഇവർ നൽകിയത്. തുടർന്ന് അനുമതിയില്ലാതെയാണു സാധനങ്ങൾ കൊണ്ടുപോയതെന്നു കാട്ടി സി.ഐ. റിപ്പോർട്ട് നൽകി. ഇതിനു പിന്നാലെയാണു കൂട്ട സ്ഥലംമാറ്റ ഉത്തരവ്. സാധാരണഗതിയിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളാണുണ്ടാകാറുള്ളത്. ആരോപണവിധേയരുടെ ഉന്നതബന്ധങ്ങളാണു സംഭവം സ്ഥലംമാറ്റത്തിൽ ഒതുക്കിയതെന്നാണു സൂചന.