
എറണാകുളത്ത് ഹിജാബ് ധരിച്ച് സ്കൂളിൽ എത്തിയതിനെച്ചൊല്ലി തർക്കം. തർക്കത്തെ തുടർന്ന് സ്കൂള്‍ അടച്ചിട്ടു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളാണ് അടച്ചിട്ടത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളില്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമിന്റെ ഭാഗമല്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഇത് തർക്കത്തിലെത്തുകയും സ്കൂള്‍ അടച്ചിടുകയുമായിരുന്നു. ഇതിന്റെ പേരില്‍ പുറത്തുനിന്ന് ചിലരെത്തി സ്കൂളില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും അതുകൊണ്ട് അടച്ചിട്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചത്.
സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചതോടെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ മാനസിക സമ്മർദ്ദത്തില്‍ ആയതിനാല്‍ രണ്ടു ദിവസം സ്കൂള്‍ അടച്ചിട്ടിരിക്കുന്നതെന്നാണ് പ്രിൻസിപ്പല്‍ സിസ്റ്റർ ഹെലീന അറിയിച്ചത്. കോടതി പരിഗണനയിലുളള വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും പ്രിൻസിപ്പല്‍ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഹിജാബ് ധരിച്ച് സ്കൂളില്‍ വരാൻ സാധിക്കുമെന്നും മുൻപ് പഠിച്ച സ്കൂളില്‍ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നതിന് പ്രശ്നമില്ലായിരുന്നുവെന്നും ഇപ്പോള്‍ മനഃപൂർവ്വം മാനേജ്മെന്റ് പ്രശ്നമുണ്ടാകുകയാണെന്നും കുട്ടിയുടെ രക്ഷിതാവ് പ്രതികരിച്ചു. അതേസമയം, സ്കൂളില്‍ യൂണിഫോം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ പഠിപ്പിക്കാൻ തയാറാണെന്നും എന്നാല്‍ സ്കൂളിന്റെ നിയമങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ വിദ്യാഭ്യാസ അധികൃതർ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.



