
വിവാദങ്ങൾക്ക് പിന്നാലെ എറണാകുളത്ത് സിപിഎമ്മില്‍ കടുത്ത നടപടി..!! ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.വി. ശ്രീനിജനെ നീക്കാൻ തീരുമാനം; അനില്‍കുമാർ സിഐടിയുവിൽ നിന്നും പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി:പി.വി.ശ്രീനിജൻ എം.എൽ.എയെ സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിൽ തീരുമാനം. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റ് ഭാരവാഹിത്വം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. അടുത്ത സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിജിനെ ഒഴിവാക്കണമെന്നാണ് ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.സ്കൂൾ ഗ്രൗണ്ട് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് വിവാദമായിരുന്നു.
ആഴ്ചകൾക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന് ആരോപിച്ച് സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്കൂളിലെ ഗേറ്റ് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് പി വി ശ്രീനിജിനെതിരെ പ്രതിഷേധം ഉയരാൻ ഇടയാക്കിയിരുന്നു. സെലക്ഷനെത്തിയ നൂറിലധികം കുട്ടികളാണ് ഗേറ്റിന് പുറത്ത് കാത്തുനിന്നത്. പ്രതിഷേധമുയർന്നതോടെ കോർപ്പറേഷൻ കൗൺസിലർമാരെത്തി സ്കൂളിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. അന്ന് ഗേറ്റ് അടച്ചത് താനല്ലെന്നായിരുന്നു ശ്രീനിജിന്റെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനി കൂപ്പർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട സിഐടിയു നേതാവ് പികെ അനിൽകുമാറിന്റെ പാർട്ടി അംഗത്വം
റദ്ദാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അനിൽകുമാറിനെ സിഐടിയു സംഘടനാച്ചുമതലയിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായാണ് സിപിഎം വിലയിരുത്തൽ. ലളിത ജീവിതം തൊഴിലാളി നേതാക്കൾക്കും ബാധകമാണെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാക്കളായ എകെ ബാലനും ടിപി രാമകൃഷ്ണം പി രാജീവും യോഗത്തിൽ പങ്കെടുത്തു.
സിപിഎം അംഗവും കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേസ് യൂണിയന്റെ സെക്രട്ടറിയുമായുള്ള പികെ അനിൽകുമാർ മിനി കൂപ്പർ വാങ്ങിയത് വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചിരുന്നു. 50 ലക്ഷത്തോളം രൂപ നൽകിയാണ് സിഐടിയു നേതാവ് മിനി കൂപ്പർ വാങ്ങിയത്. മിനി കൂപ്പർ വാങ്ങിയത് തന്റെ ഭാര്യയാണെന്നായിരുന്നു അനിൽകുമാറിന്റെ ന്യായീകരണം. തന്റെ മകന്റെ ആഗ്രഹത്തിനനുസരിച്ച് ജന്മദിനത്തിലാണ് കാർ വാങ്ങിയതെന്നും നേതാവ് കൂട്ടിച്ചേർത്തു.
കാർ വാങ്ങിയത് പാർട്ടിക്കും സിഐടിയുവിനും അവമതിപ്പ് ഉണ്ടാക്കിയെന്നാണ് യോഗത്തിൽ ഉയർന്ന വിമർശനം. ഇതേതുടർന്ന് സിഐടിയുവിന്റെ ബന്ധപ്പെട്ട സ്ഥാനങ്ങള് നിന്നും നീക്കാൻ പാർട്ടി നിർദേശം നൽകുകയായിരുന്നു. സിഐടിയു നേതൃത്വം യോഗം ചേർന്നാണ് തീരുമാനം നടപ്പാക്കേണ്ടത്.