play-sharp-fill
എരമല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട;ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍: പ്രതികളെ പിടികൂടിയത് ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവില്‍

എരമല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട;ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍: പ്രതികളെ പിടികൂടിയത് ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവില്‍


സ്വന്തം ലേഖിക

അരൂര്‍: എരമല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട.ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവു കടത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. ദേശീയപാതയില്‍ വ്യാഴാഴ്ച രാവിലെ ആറോടെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടിച്ചത്. കോഴിക്കോട് കരുവന്‍തുരുത്തി ഫാറൂഖ് പേട്ട കളത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ജംഷീര്‍ (30), കോഴിക്കോട് പന്നിയങ്കര, കല്ലായി കട്ടയത്തുപറമ്ബില്‍ സക്കീന മന്‍സിലില്‍ സുഹരിശ് (26) എന്നിവരാണ് പിടിയിലായത്. ഒന്നര മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കുരുക്കിയത്.


ആന്ധ്രയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധ ഇനം മയക്കുമരുന്നുകള്‍ മറ്റു ലോഡുകളുടെ ഒപ്പം കടത്തുകയാണ് ഇവരുടെ രീതി. പ്രധാനമായും കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇവര്‍ കഞ്ചാവ് വിതരണം ചെയ്യുന്നത്. ഇവര്‍ക്ക് സഹായംനല്‍കിയ മറ്റ് പ്രതികളെക്കുറിച്ചും എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് നാളുകളായി ഇവര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഒന്നരമാസത്തെ ആസൂത്രണത്തിലൂടെയാണ് പ്രതികളെ എക്‌സൈസ് പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ വന്‍തോതില്‍ കഞ്ചാവുകടത്ത് നടത്തുന്നുവെന്ന വിവരം എക്‌സൈസിന് നാളുകള്‍ക്ക് മുന്നേ ലഭിച്ചിരുന്നു. പ്രതികളെക്കുറിച്ചും ഏകദേശസൂചന ലഭിച്ചിരുന്നു. 15 പേടങ്ങുന്ന എക്‌സൈസ് സംഘം ദിവസങ്ങളായി ഇവര്‍ക്ക് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍, ഏത് വാഹനത്തിലാണ് കഞ്ചാവെന്ന് അറിവുണ്ടായിരുന്നില്ല. സംസ്ഥാന മുഴുവന്‍ ഇവരെ പിടികൂടാനായി എക്‌സൈസ് വലവിരിച്ചിരുന്നു. സംശയമുള്ള വാഹനങ്ങളെല്ലാം ചെക്ക് പോസ്റ്റുകളിലും മറ്റ് കേന്ദ്രങ്ങളിലും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.

എന്നാല്‍ പുതിയ ലോറിയില്‍ കഞ്ചാവ് കടത്തുമെന്ന സാധ്യത എക്‌സൈസ് മുന്നില്‍ക്കണ്ടില്ല. അങ്ങനെയാണ് എറണാകുളം ഭാഗത്തുനിന്ന് വന്ന പുതിയ ആധുനിക ലോറി തുറവൂരില്‍ ലോഡിറക്കി തിരികേ കോഴിക്കോടു ഭാഗത്തേക്ക് പോകുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്. ഇതില്‍ കഞ്ചാവുണ്ടെന്ന കൃത്യമായ വിവരവും ലഭിച്ചു. ലോഡ് എരമല്ലൂരില്‍ എത്തിയപ്പോള്‍, എക്‌സൈസ് സംഘം എത്തുകയും വാഹനം പരിശോധിക്കുകയുമായിരുന്നു. ഡ്രൈവറുടെ കാബിനുള്ളില്‍ ആറ് ചാക്കുകളിലായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. 50 ലക്ഷത്തിലേറെ വിലവരുന്നതാണ് ലോറി. എന്നാല്‍ ലോറി ഉടമയ്ക്ക് ഇതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്നാണ് എക്‌സൈസ് പറയുന്നത്. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.

ഒരു പാക്കറ്റ് കഞ്ചാവ് വില്‍ക്കുമ്ബോള്‍ രണ്ട് പ്രതികള്‍ക്കുംകൂടി ലഭിക്കുന്നത് രണ്ടായിരം രൂപയാണ്. അങ്ങനെ 55 പാക്കറ്റുകള്‍ എക്‌സൈസിന് ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന തുക രണ്ടുപേരും വീതിച്ചെടുക്കുകയാണ് പതിവ്. 55 പാക്കറ്റില്‍ നിന്ന് പ്രതികള്‍ക്ക് 1.10 ലക്ഷം രൂപ കിട്ടുമെന്നും എക്‌സൈസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും തുല്യപങ്കാളിത്തമാണുള്ളതെന്നും എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ക്ക് സാമ്ബത്തികസഹായം നല്‍കിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആളുകളെക്കുറിച്ച്‌ എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്നും കഞ്ചാവു വാങ്ങി വിതരണംചെയ്യുന്ന പ്രധാനികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ നായര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, വിശാഖ്, സുബിന്‍, രാജേഷ്, ഷംനാദ്, അരുണ്‍കുമാര്‍, ബസന്ത്കുമാര്‍, സുരേഷ്ബാബു, എക്‌സൈസ് ഡ്രൈവര്‍ രാജീവ് എന്നിവരാണ് ഉണ്ടായിരുന്നത്.