
സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാട്; നിലവിൽ 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്ന് ഇ.ഡി ഹൈക്കോടതിയിൽ; കള്ളപ്പണ ഇടപാട് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഇസിഐആർ റജിസ്റ്റർ ചെയ്തു
കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിൽ 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി വ്യക്തമാക്കി.
18 സഹകരണ സംഘങ്ങൾക്കെതിരെയും ഇസിഐആർ റജിസ്റ്റർ ചെയ്തെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. കരുവന്നൂർ അടക്കം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സത്യവാങ്മൂലം നൽകിയത്.
അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തുമ്പൂർ സർവീസ് സഹകരണ ബാങ്ക്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, മാവേലിക്കര സഹകരണ സൊസൈറ്റി ബാങ്ക്, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക്, കണ്ടള സർവീസ് സഹകരണ ബാങ്ക്, മൈലപ്ര സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ റീജിയനൽ സർവീസ് സഹകരണ ബാങ്ക്, ബിഎസ്എൻൽ എൻജിനീയറിങ് സഹകരണ സൊസൈറ്റി, കോന്നി റീജിയനൽ സഹകരണ ബാങ്ക്, മരിയമുട്ടം സഹകരണ സൊസൊറ്റി ലിമിറ്റഡ്, കരുവന്നൂർ സര്‍വീസ് സഹകരണ ബാങ്ക്, എടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക്, ആനക്കയം സർവീസ് സഹകരണ ബാങ്ക്, മുഗു സർവീസ് സഹകരണ ബാങ്ക്, തെന്നല സർവീസ് സഹകരണ ബാങ്ക്, പുല്‍പ്പള്ളി സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ നൽകുന്നു, തിരച്ചടവ് മുടങ്ങിയവർക്കെതിരെ നടപടിയുണ്ടാകുന്നില്ല, സഹകരണ സംഘങ്ങളുടെ പരിധിക്കപ്പുറം നിയവിരുദ്ധ വായ്പ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നത്.
വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകളാണ് ഈ സഹകരണ സംഘങ്ങള്‍ വഴി നടക്കുന്നതെന്ന് ഇവർക്കെതിരെ സ്വത്ത് പിടിച്ചെടുക്കലും കുറ്റവാളികളെ അറസ്റ്റ് ചെയ്യലും ഉൾപ്പെടെ നടത്തുന്നെന്ന് ഇ.ഡി പറയുന്നു. പല സഹകരണ ബാങ്കുകളും വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. നിക്ഷേപം തിരിച്ചുപിടിക്കാനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.