
രാജ്യത്തെ ഇ – പാസ്‌പോർട്ടുകള്‍ പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ.
നമ്മൾ ഉപഗോയിച്ചു വരുന്ന പേപ്പർ പാസ്‌പോർട്ടുമായി നൂതന ഇലക്‌ട്രോണിക് പാസ്‌പോർട്ട് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന രീതിയിലാണ് ഇ പാസ്പോർട്ട് അവതരിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയം 2024 ഏപ്രില്‍ ഒന്നിന് ഔദ്യോഗികമായി ആരംഭിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0ന് കീഴിലുള്ള ഒരു പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ പാസ്‌പോർട്ട് പുറത്തിറക്കുന്നത്. അധികം വൈകാതെ തന്നെ രാജ്യവ്യാപകമായി ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇ – പാസ്‌പോർട്ടുകള്‍ വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഇ- പാസ്‌പോർട്ട് പ്രവർത്തനം എങ്ങനെ യാണ്?
ആന്റിനയും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പും ഉള്‍പ്പെടുത്തിയതാണ് ഇന്ത്യയിലെ ഇ-പാസ്‌പോർട്ടുകള്‍. മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങള്‍, പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്ബർ എന്നിവയുള്‍പ്പെടെ യാത്രക്കാരന്റെ ബയോമെട്രിക്, വ്യക്തിഗത ഡാറ്റ എല്ലാം തന്നെ ഈ നൂതന പാസ്‌പോർട്ടില്‍ ഉണ്ടായിരിക്കും.
ബേസിക് ആക്‌സസ് കണ്‍ട്രോള്‍ (BAC), പാസീവ് ഓതന്റിക്കേഷൻ (PA), എക്സ്റ്റെൻഡഡ് ആക്‌സസ് കണ്‍ട്രോള്‍ (EAC) തുടങ്ങിയ ആഗോള സുരക്ഷാ പ്രോട്ടോക്കോളുകള്‍ എൻക്രിപ്‌റ്റ് ചെയ്‌തിരിക്കുന്നതിനാല്‍ പാസ്‌പോർട്ട് ഉടമയുടെ വിവരങ്ങളില്‍ കൃത്രിമം കാണിക്കാൻ കഴിയില്ല. സാധാരണ പാസ്‌പോർട്ടില്‍ നിന്ന് വ്യത്യസ്‌തമായി ഇ – പാസ്‌പോർട്ടിന്റെ പുറം കവറിന് മുകളില്‍ സ്വർണ നിറത്തിലുള്ള ഒരു ചിഹ്നം കൂടി ഉണ്ടാകും.ഇ-പാസ്‌പോർട്ടുകള്‍ വാഗ്ദാനം ചെയ്യുന്ന സേവാ കേന്ദ്രങ്ങള്‍
ഇന്ത്യയിലെ 13 നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ ഇ-പാസ്‌പോർട്ടുകള്‍ വിതരണം ചെയ്യുന്നത്. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡല്‍ഹി എന്നിവയാണ് ഈ നഗരങ്ങള്‍. ഇത് ഒരു തുടക്കം മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. 2025 പകുതിയോടെ രാജ്യവ്യാപകമായി എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ സംവിധാനം വരും. ഈ വർഷം മാർച്ച് മൂന്നിനാണ് തമിഴ്‌നാട്ടില്‍ ഇ – പാസ്‌പോർട്ട് സംവിധാനം ആരംഭിച്ചത്. മാർച്ച് 22 ആയപ്പോള്‍ 20,729 ഇ -പാസ്‌പോർട്ടുകള്‍ തമിഴ്‌നാട്ടില്‍ വിതരണം ചെയ്‌തു.
ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?
സാധാരണ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന അതേ രീതിയിലാണ് ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടത്. പാസ്‌പോർട്ട് സേവാ പോർട്ടല്‍ സന്ദർശിച്ച ശേഷം അവശ്യമായ വിവരങ്ങള്‍ നല്‍കി ഫീസടയ്‌ക്കുക. ശേഷം നിങ്ങളുടെ അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രത്തില്‍ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
നിങ്ങളുടെ അപ്പോയിന്റ്മെന്റ് സമയത്ത്, നിങ്ങളുടെ ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് ഡാറ്റ ശേഖരിക്കും. എല്ലാ ഇ-പാസ്‌പോർട്ടുകളിലും നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസില്‍ പ്രിന്റ് ചെയ്ത് ചിപ്പുകള്‍ ഉപയോഗിക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കുക കൂടിയാണ് ഇതിലൂടെ.
ഇ – പാസ്‌പോർട്ട് എടുക്കണമെന്നത് നിർബന്ധമുള്ള കാര്യമല്ല. നിങ്ങളുടെ നിലവിലുള്ള പാസ്‌പോർട്ടുകള്‍ അവയുടെ കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ഇ – പാസ്‌പോർട്ട് വേണമെന്നുള്ളവർക്ക് അതിനായി അപേക്ഷിച്ചാല്‍ മതിയാകും.