ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫിന് തിരിച്ചടിയേറ്റാല്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇപി രാജിവെച്ചേക്കും; പിണറായിയേയും ഗോവിന്ദനേയും വെട്ടിലാക്കാൻ ജയരാജൻ തന്ത്രപരമായ നീക്കം നടത്തുമോ? ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്, എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ഇപി ജയരാജൻ 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫിന് തിരിച്ചടിയേറ്റാല്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇപി രാജിവെച്ചേക്കും; പിണറായിയേയും ഗോവിന്ദനേയും വെട്ടിലാക്കാൻ ജയരാജൻ തന്ത്രപരമായ നീക്കം നടത്തുമോ? ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്, എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ഇപി ജയരാജൻ 

സ്വന്തം ലേഖകൻ

കണ്ണൂർ: വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി. എഫിന് തിരിച്ചടിയേറ്റാല്‍ എല്‍.ഡി.
എഫ് കണ്‍വീനർ ഇ.പി ജയരാജന്റെ രാഷ്ട്രീയ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്തേക്കാം. വൻതിരിച്ചടി നേരിട്ടാല്‍ കണ്‍വീനർ പദവി ഇ.പി ജയരാജൻ കണ്‍വീനർ സ്ഥാനം രാജിവയ്ക്കുമെന്നാണ് പാർട്ടിക്കുള്ളില്‍ നിന്നുവരുന്ന വിവരം. നേരത്തെ ഇ.പി ജയരാജൻ എല്‍.ഡി. എഫ് കണ്‍വീനർ സ്ഥാനം പാർട്ടിക്കുള്ളില്‍ തനിക്കെതിരെ നടക്കുന്ന ഗൂഡനീക്കങ്ങളില്‍ പ്രതിഷേധിച്ചു രാജിസന്നദ്ധ അറിയിച്ചിരുന്നു.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാർട്ടി സംസ്ഥാന നേതൃത്വം ഇതിന് അനുവാദം നല്‍കിയിരുന്നില്ല. സി.പി. എംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി തുടരുന്ന അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്‍വീനർ സ്ഥാനം വിട്ടൊഴിഞ്ഞു പാർട്ടിയെ പ്രതിരോധത്തിലാക്കാനാണ് ജയരാജന്റെ നീക്കം. തെരഞ്ഞെടുപ്പില്‍ പ്രതികൂലമായ വിധി എക്സിറ്റുപോളുകള്‍ പ്രവചിക്കുന്നത് പാർട്ടി നേതൃത്വവും ഇ.പി ജയരാജനും പുറമേക്ക് തള്ളിക്കളയുന്നുണ്ടെങ്കിലും അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക സി.പി. എമ്മിനെ തന്നെയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം തന്റെ രാജിയിലൂടെ ഇ.പി ജയരാജൻ ഏറ്റെടുത്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാർട്ടിക്കുള്ളില്‍ ചോദ്യമുനകള്‍ ഉയരും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയെന്ന രാഷ്ട്രീയ തന്ത്രമാണ് ഇ.പി ജയരാജൻ സ്വീകരിക്കാൻ സാധ്യതയുള്ളത്. വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുൻപായി പുതിയൊരു എല്‍.ഡി. എഫ് കണ്‍വീനറെ നിയോഗിക്കുകയെന്നത് സി.പി. എമ്മിന് അത്ര എളുപ്പമായിരിക്കില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് എല്‍.ഡി. എഫിനെ പ്രതിസന്ധിയിലാക്കിയ കണ്‍വീനറാണ് ഇ.പി ജയരാജൻ. ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ.പിയുടെ വഴിവിട്ട ബന്ധം മുഖ്യമന്ത്രിയടക്കം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ കഷ്ടിച്ചു പാർട്ടി നടപടിയില്‍ നിന്നും ഒഴിവായ ഇ.പി ജയരാജൻ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഈ വിഷയം വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ട്.

പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നിലനില്‍ക്കവെ സജീവരാഷ്ട്രീയത്തില്‍ നിന്നും പിൻതിരിയാനാണ് ഇ.പി ജയരാജൻ കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ഇ.പി ജയരാജനെപ്പോലുള്ള ഒരു ഉന്നത നേതാവ് മുന്നണിയില്‍ നിന്നും മാറി നില്‍ക്കുന്നത് സി.പി. എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കാൻ സാധ്യതയേറെയാണ്.

എന്നാല്‍ എല്‍.ഡി. എഫ് കണ്‍വീനറെന്ന നിലയില്‍ ഇ.പി ജയരാജന്റെ പ്രവർത്തനം പരാജയമാണെന്ന വാദം മുന്നണിയിലെ മറ്റു പാർട്ടികള്‍ ഉന്നയിക്കുന്നുണ്ട്. ദല്ലാള്‍ നന്ദകുമാർ വിവാദത്തില്‍ ഇ.പിയെ വിമർശിച്ചു കൊണ്ടു സി.പി. ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ്് വിശ്വം രംഗത്തുവന്നിരുന്നു. ഇടതു മുന്നണി യോഗങ്ങള്‍ പോലും ഇ. പി ജയരാജൻ കൃത്യമായി വിളിക്കാറില്ലെന്നും തിരുവനന്തപുരത്തിന് പകരം കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇ.പി ജയരാജൻ പ്രവർത്തിക്കുന്നതെന്ന ആരോപണവും ഘടകകക്ഷികള്‍ക്കുണ്ട്.

ഇതിനിടെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപി മുന്നേറ്റം നടത്തുമെന്ന എക്സിറ്റ് പോള്‍ ഫലപ്രഖ്യാപനങ്ങള്‍ തള്ളി എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജൻ കണ്ണൂരില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വന്ന എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയ ദേശീയ മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇപി ജയരാജൻ കണ്ണൂരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍ നടത്തുന്നത്. അതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് എല്‍.ഡി.എഫ് സംശയിക്കുന്നുണ്ട്.

ബിജെപി നേതാക്കള്‍ നേരത്തെ പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങള്‍ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കള്‍ പറഞ്ഞതുപോലെ വോട്ടെണ്ണല്‍ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലമെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത വളരെ പരിമിതമാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്ബന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാല്‍ തന്നെ ബിജെപി കേരളത്തില്‍ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. രണ്ടു ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന് ബാക്കിയുള്ളുവെന്നും അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇതേ സമയം എക്സിറ്റ് പോള്‍ ഫല പ്രഖ്യാപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തു വന്നിരുന്നു. കേരളത്തില്‍ എല്‍.ഡി.എഫിന്റെ വിജയത്തില്‍ ആശങ്കയില്ലെന്നും 12 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് എം. വി ഗോവിന്ദൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. എക്സിറ്റ് പോള്‍ നട്ട പ്രാന്താണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ചെയ്തത്.