
ഇ പി ജയരാജന്‍ സിപിഎം പാർട്ടിക്ക് വർഷങ്ങളായുള്ള തലവേദന: ബോണ്ട് വിവാദം മുതല്‍ ബിജെപി ബന്ധം വരെ; ഒടുവിൽ പിണറായി വിജയന്റെ സംരക്ഷണ വലയവും നഷ്ടമായി
തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തും നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്തേക്ക് പോകുന്ന ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധി തവണയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തന്റെ വിശ്വസ്തനെ വിമര്‍ശിച്ചും തള്ളിപ്പറഞ്ഞും രംഗത്തെത്തിയതോടെ വിവാദം അല്പം തണുത്തു. എന്നാല്‍ അതിന്റെ പേരിലെ കടുത്ത നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടും കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തവും വലിയ വിവാദമായിരുന്നു. സിപിഎം – ബിജെപി രഹസ്യ ധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ ബിസിനസ് ഡീല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസും ഈ ആരോപണം ശക്തമായി ഉന്നയിക്കുമ്ബോള്‍ സിപിഎം നേതൃത്വമോ മുന്നണിയിലെ മറ്റ് നേതാക്കളോ ഇപിയെ പ്രതിരോധിക്കാന്‍ രംഗത്ത് എത്തിയില്ല. ജയരാജന്റെ വൈദേകം റിസോര്‍ട്ടിനെ കുറിച്ചുള്ള ആരോപണം കഴിഞ്ഞ വര്‍ഷം സംസ്ഥാന സമിതിയോഗത്തില്‍ ഉന്നയിച്ചത് കണ്ണൂരില്‍ നിന്നുള്ള പി.ജയരാജനായിരുന്നു. ഈ ആരോപണത്തിന് ശേഷമാണ് ഇഡിയും, ആദായ നികുതി വകുപ്പും വൈദേകത്തില്‍ റെയ്ഡുകള്‍ നടത്തിയത്. പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ ഗ്രൂപ്പ് വൈദേകം ഏറ്റെടുത്തത്.
ഇ.പി ജയരാജന്‍ 2007ല്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. പാര്‍ട്ടിക്കുളളില്‍ വിഭാഗീയത ഉണ്ടായിരുന്ന കാലത്തായിരുന്നു ഈ വിവാദം. ലോട്ടറി രാജാവില്‍ നിന്ന് പണം വാങ്ങിയത് അപമാനകരമായി പോയെന്ന് സംസ്ഥാന കമ്മറ്റിയോഗത്തില്‍ പല അംഗങ്ങളും അഭിപ്രായപ്പെട്ടു.
ദേശാഭിമാനിയുടെ വികസന ബോണ്ടാണ് താന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്ന് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. പാര്‍ട്ടി വേദികളിലും പുറത്തും വിവാദമായപ്പോള്‍ അത് ബോണ്ടല്ലെന്നും നിശ്ചിത കാലാവധിക്കുള്ളില്‍ പലിശ സഹിതം തിരിച്ച് നല്‍കുന്ന നിക്ഷേപമാണെന്നും ജയരാജന്‍ വിശദീകരിച്ചെങ്കിലും അതിന് പൂര്‍ണ്ണ സ്വീകാര്യത ലഭിച്ചില്ല.
2007 ജൂണ്‍ 29നും 30നും നടന്ന സിപിഎം നേതൃയോഗങ്ങളില്‍ ജയരാജന്റെ നടപടികളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും രണ്ട് കോടി രൂപ തിരിച്ച് നല്‍കി തടിയൂരാന്‍ തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടി സ്വീകരിച്ചത് സംഭാവനയല്ലെങ്കിലും സംശയകരമായ വ്യക്തിത്വമുള്ള ഒരാളില്‍ നിന്ന് ദേശാഭിമാനി എന്തിന് പണം വാങ്ങിയെന്ന ചോദ്യം അവശേഷിക്കുകയാണെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്. പാര്‍ട്ടി പത്രത്തിന് നിരക്കുന്ന രീതിയലല്ലാതെ ക്രിമിനല്‍ കേസില്‍പ്പെട്ടതും നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്തുവരുന്നതുമായ ലോട്ടറികച്ചവടക്കാരനില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയത് പാര്‍ട്ടിയംഗങ്ങളും അഭ്യുദയകാംക്ഷികളും അംഗീകരിക്കില്ലെന്ന് കാരാട്ട് വ്യക്തമാക്കിയിരുന്നു. ഫണ്ട് ശേഖരണത്തിന് പാര്‍ട്ടി സ്വീകരിച്ച മാര്‍ഗരേഖയില്‍ നിന്ന് വ്യതിചലിക്കുന്ന തരത്തിലുള്ള നിലപാടാണ് ജയരാജന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാനും അഴിമതി തടയാനും പാര്‍ട്ടിയിലാകെ ജാഗ്രത പാലിക്കേണ്ട ആവശ്യകതയും കാരാട്ട് എടുത്ത് പറഞ്ഞിരുന്നു.
ബോണ്ട് വിവാദം കത്തി പടരുന്നതിനിടയിലാണ് അതേ വര്‍ഷമാണ് ഇ.പി.ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതി, വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയത് പുറത്തു കൊണ്ടു വന്നത്. ഈ പണമിടപാടും വലിയ വിവാദമായി. ചെന്നൈ ആസ്ഥാനമായ പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് ഫാരിസിന്റെ കമ്പനിയിൽ നിന്ന് മൂന്ന് തവണയായി 60 ലക്ഷം രൂപ വാങ്ങിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പുറത്തുവന്ന ആക്ഷേപം. ടൂര്‍ണമെന്റിന് മുന്‍പോ മത്സരം നടക്കുന്ന ദിവസങ്ങളിലോ സ്പോണ്‍സര്‍മാരുടെ പട്ടികയിലില്ലായിരുന്ന സ്ഥാപനം എന്തിനാണ് ജനകീയനും അഴിമതി വിരുദ്ധനുമായ ഇ.കെ.നായനാരുടെ പേരിലുള്ള ഫുട്ബോള്‍ മത്സരത്തിന് പണം നല്‍കിയതെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍ കഴിയാതിരുന്നതും പാര്‍ട്ടിയെ ഉലച്ച സംഭവമായിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷണന്‍ അന്തരിച്ചപ്പോള്‍ ആ പദവി ജയരാജന്‍ ആഗ്രഹിച്ചിരുന്നു. തന്നേക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന് സെക്രട്ടറി സ്ഥാനവും പോളിറ്റ്ബ്യൂറോ അംഗത്വവും നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടു നിന്നു. വെള്ളിയാഴ്ചകളിലെ പതിവ് സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ പോലും ജയരാജന്‍ പങ്കെടുത്തില്ല. സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി.ഗോവിന്ദന്‍ നടത്തിയ കേരള യാത്രയിലും ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയായി. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം നല്‍കിയാണ് ജയരാജനെ അനുനയിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശക്തമായ പിന്തുണയിലാണ് പാര്‍ട്ടി നടപടികളില്‍ നിന്ന് ജയരാജന്‍ എല്ലാ കാലത്തും രക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ ആ സംരക്ഷണ വലയമാണ് ഇപിക്ക് നഷ്ടമായിരിക്കുന്നത്.