
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ വിമർശനവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. പരസ്യമായി പറഞ്ഞ് വിവാദം സൃഷ്ടിക്കാതെ, വ്യത്യസ്ത നിലപാടുകളെ മുന്നണിയിൽ ചർച്ച ചെയ്യണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. അഭിപ്രായ വ്യത്യാസങ്ങൾ മുന്നണിയിൽ തന്നെ പരിഹരിച്ചില്ലെങ്കിൽ മുന്നണിയെയും സര്‍ക്കാരിനെയും അത് ദുര്‍ബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
“മുന്നണി സംവിധാനത്തില്‍ ഓരോ കക്ഷിയുടെയും പ്രതിനിധികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ വികസനം ലക്ഷ്യമിട്ടും നാടിന്റെ പൊതുവായ താല്‍പര്യം മുന്നില്‍ കണ്ടുമാണ്” എന്നും ജയരാജൻ വ്യക്തമാക്കി.
രാജ്യം നേരിടുന്ന നവ ഫാസിസ്റ്റ് വര്‍ഗീയ ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടമാണ് നാം ഏറ്റെടുക്കേണ്ടുന്ന കടമ. ഇത്തരം ഒരു പോരാട്ടത്തിന്റെ നേതൃത്വം വഹിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കേ കഴിയൂ. അത്തരം ഒരു പ്രതിരോധം രാജ്യത്ത് ഏറ്റവും ശക്തമായും മാതൃകാപരമായും തീര്‍ക്കുന്ന സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സര്‍ക്കാറിന്റെയും ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ തീരുമാനങ്ങളെടുക്കുമ്പോള്‍ ഒറ്റപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. ഉഭയകക്ഷി ചര്‍ച്ചയിലൂടെയും മുന്നണി യോഗത്തില്‍ പൊതുചര്‍ച്ചയിലൂടെയും ആ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതേ ഉള്ളു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അവയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴക്കുമ്പോള്‍ ഇടതുപക്ഷ ഐക്യമാണ് ദുർബലമാകുന്നത്.
രാജ്യം അഭിമുഖീകരിക്കുന്ന ഇന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഇടതുപക്ഷ ഐക്യം, വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യം പരമപ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ ആയിരിക്കണം നാം ഓരോ വിഷയത്തേയും സമീപിക്കേണ്ടത്.
വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും ഒന്നും ഏശാതെ നിരായുധരായിരിക്കുന്ന ഘട്ടം കൂടിയാണിത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ ശക്തികള്‍ നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകര്‍ന്നടിഞ്ഞ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
മുന്നണിക്കകത്ത് പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഒന്നും തന്നെ ഇല്ല. ഉള്ളുതുറന്ന ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഈ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യത്തോട് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയും എന്ന് ജയരാജൻ പറഞ്ഞു.



