
കൊളംബോ: സൂപ്പർ എട്ടിലെ ത്രില്ലർപോരിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട്. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം.
കിവീസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. അതോടെ സൂപ്പർ എട്ടിലെ എല്ലാ മത്സരവും വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറി.
ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. അവസാന മത്സരത്തിൽ വൻ മാർജിനിൽ ശ്രീലങ്കയെ കീഴടക്കിയാൽ പാകിസ്താനും സെമിയിലെത്താം. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമിയിലെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് മത്സരങ്ങളിൽ നിന്ന് ആറുപോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാകിസ്താന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റാണുള്ളത്.
അവസാനമത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാകിസ്താനും മൂന്ന് പോയന്റാകും. മികച്ച റൺറേറ്റുള്ളവർ സെമിയിലെത്തും. ലങ്കയ്‌ക്കെതിരേ 65 റൺസ് ജയമോ അല്ലെങ്കിൽ 13 ഓവറിനുള്ളിൽ ചേസ് പൂർത്തിയാക്കുകയോ ചെയ്താൽ പാകിസ്താന് കിവീസിനെ മറികടന്ന് സെമിയിലേക്ക് കടക്കാം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ കിവീസ് വിറപ്പിച്ചു.രണ്ട് റൺസിനിടെ തന്നെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി.
ഓപ്പണർമാരായ ഫിൽ സാൾട്ട് (2), ജോസ് ബട്ട്‌ലർ (0) എന്നിവരാണ് പുറത്തായത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജേക്കബ് ബെത്തലും ഹാരി ബ്രൂക്കുമാണ് പിന്നീട് ഇംഗ്ലണ്ട് സ്‌കോറുയർത്തിയത്. ഇരുവരും 48 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. വിക്കറ്റുകൾ വീഴ്ത്തി കിവീസ് തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്.
ബ്രൂക്ക് 26 റൺസെടുത്തും ബെത്തൽ 21 റൺസെടുത്തും മടങ്ങി. അഞ്ചാം വിക്കറ്റിൽ ടോം ബാന്റൺ-സാം കറൻ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ നൂറിലെത്തിച്ചു.
കറൻ 24 റൺസെടുത്ത് പുറത്തായി. ടോം ബാന്റൺ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷ കൈവന്നു. 16 ഓവറിൽ 114-5 എന്ന നിലയിലായിരുന്നു ടീം. എന്നാൽ 17-ാം ഓവറിൽ ബാന്റണെ രചിൻ രവീന്ദ്ര പുറത്താക്കിയതോടെ ഇംഗ്ലണ്ട് പരാജയം മണത്തു.
33 റൺസാണ് താരത്തിന്റെ സമ്പാദ്യം. അവസാന മൂന്ന് ഓവറിൽ 43 റൺസാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാൽ ഇംഗ്ലീഷ് ബാറ്റർമാർ തകർത്തടിക്കുന്നതാണ് മൈതാനത്ത് കണ്ടത്. ഗ്ലെൻ ഫിലിപ്‌സ് എറിഞ്ഞ 18-ാം ഓവറിൽ 22 റൺസ് ഇംഗ്ലണ്ട് അടിച്ചെടുത്തു.
അതോടെ ലക്ഷ്യം രണ്ടോവറിൽ 21 ആയി ചുരുങ്ങി. അടുത്ത ഓവറിൽ 16 റൺസും പിറന്നതോടെ കിവീസ് പരാജയം മണത്തു. അവസാന ഓവറിലെ മൂന്ന് പന്തുകളിൽ തന്നെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.വിൽ ജാക്‌സ് 32 റൺസും റേഹൻ 19 റൺസുമെടുത്ത് പുറത്താവാതെ നിന്നു.



