എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ഇരുപതുകാരി ആത്മഹത്യ ചെയ്തത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത്; ആൺസുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് ആൺസുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത്. ഫെബ്രുവരി 22ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു.
പരാതിയെ കുറിച്ച് അറിഞ്ഞ് ചെന്നൈയിലായിരുന്ന യുവതി മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ 23ന് വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീടാണ് ബന്ധുവീട്ടിൽ വെച്ച് യുവതി ആത്മഹത്യ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിക്ക് കൂടെ പഠിക്കുന്ന യുവാവുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ അകന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയുടെ സ്വകാര്യ ഫോട്ടോകൾ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് കൂട്ടുകാരൻ പങ്കുവച്ചത്. ഇതിൽ പ്രകോപിതയായ യുവതി ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
“ഭൂപാലപ്പള്ളിയിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഫെബ്രുവരി 22 ന് യുവതിയെ കാണാനില്ലെന്ന് കാട്ടി അവളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. പെൺകുട്ടി അടുത്ത ദിവസം വീട്ടിലെത്തി. സഹപാഠികൾ തന്റെ പഴയ ബാല്യകാല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ വിഷമത്തിലാണെന്ന് മാതാപിതാക്കളോട് പറഞ്ഞു. ശേഷം തൂങ്ങിമരിക്കുകയായിരുന്നു.” ഡി.എസ്.പി. ഭൂപാലപ്പള്ളി എ രാമുലു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അലോക്യ, രാഹുൽ, യശ്വന്ത് എന്നീ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹപാഠികൾ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് അപമാനിച്ചതിനാൽ താൻ ഓടിപ്പോയെന്നും സുഹൃത്തുക്കളായ അലോക്യ, രാഹുൽ, യശ്വന്ത് എന്നിവർ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള യുവതിയുടെ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.