
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നതിന് പ്ലസ് ടു/ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാന്‍ വീണ്ടും നീക്കം.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ (സി.ബി.ടി) നടത്താന്‍ ശിപാര്‍ശ ചെയ്ത് നല്കിയ റിപ്പോര്‍ട്ടിലാണ് റാങ്ക് പട്ടിക തയാറാക്കുന്നതില്‍ നിന്ന് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുന്ന രീതി ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തില്‍ പ്ലസ് ടു മാര്‍ക്ക് പരിഗണിക്കാതെ പ്രവേശന പരീക്ഷയിലെ സ്കോര്‍ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ ശിപാര്‍ശ നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളുകയും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന രീതി തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.
പ്ലസ് ടു മാര്‍ക്ക് ഒഴിവാക്കിയുള്ള റാങ്ക് പട്ടിക തയാറാക്കല്‍ രീതി സ്വകാര്യ എന്‍ട്രന്‍സ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വഴിവെക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്‍ട്രന്‍സ് പരിശീലനത്തിന് ചേരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് പ്രവേശനം നിഷേധിക്കാനും നടപടി വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ പേപ്പര്‍-പെന്‍ രീതിയിലുള്ള ഒ.എം.ആര് പരീക്ഷക്കുപകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്താനാണ് പരീക്ഷ കമീഷണര്‍ സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
ജെ.ഇ.ഇ പരീക്ഷ മാതൃകയില്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി പാര്‍ട്ടുകള്‍ക്ക് 100 വീതം മാര്‍ക്കോടെ ആകെ 300 മാര്‍ക്കിനുള്ള പരീക്ഷ നടത്താനാണ് ശിപാര്‍ശ. റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനയിലാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായതിനാല്‍ ഒന്നിലധികം ബാച്ചുകളും ഷിഫ്റ്റുകളുമായാണ് പരീക്ഷ നടത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനായി ഒന്നിലേറെ ചോദ്യ സെറ്റുകള്‍ ഉപയോഗിക്കേണ്ടിവരുമെന്നതിനാല്‍ മൂല്യനിര്‍ണയത്തിന് ‘സ്റ്റാന്റേഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മെതേഡ്’ ഉപയോഗിക്കണമെന്നും ശിപാര്‍ശയുണ്ട്.
നിലവില്‍ പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു പരീക്ഷയിലെ മാര്‍ക്കും 50:50 എന്ന അനുപാതത്തില്‍ പരിഗണിച്ച് സ്റ്റാന്റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. പ്ലസ് ടു പരീക്ഷയിലെ മാര്‍ക്ക് കൂടി പരിഗണിക്കുന്നത് സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഗുണകരമായിരുന്നു.