
എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇത് ഗൗരവമായ വിഷയമാണ്, അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇത് ഗൗരവമായ വിഷയമാണ്, അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗൗരവമായ വിഷയമാണ്. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സർവീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയിൽ നിന്നും അവർ മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് കഴിഞ്ഞദിവസം പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണ്.
വില്ലേജ് ഓഫീസ് എന്നത് വളരെ ചെറിയ ഓഫീസാണ്. വലിയ ഓഫീസാണെങ്കിൽ ഒരാൾ ഒരു മൂലയിൽ ഇരുന്ന് ചെയ്താൽ മറ്റുള്ളവർ അറിയണമെന്നില്ല. അതേസമയം വില്ലേജ് ഓഫീസ് പോലെ ചെറിയ ഓഫീസിൽ ഒരാൾ വഴിവിട്ട് എന്തെങ്കിലും ചെയ്താൽ അത് അറിയാതിരിക്കില്ല. സാങ്കേതിക തനിക്ക് അറിയില്ല, താ കൈക്കൂലി വാങ്ങിയിട്ടില്ല എന്നൊക്കെ അവിടെയുള്ള മറ്റുള്ളവർക്ക് പറയാനാകും.
എന്നാൽ ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ അത് ഓഫീസിലുള്ള മറ്റുള്ളവർക്ക് മനസ്സിലാക്കാൻ തീരെ കഴിയാത്ത അവസ്ഥ വരുമോ?. ഇതാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്. തെറ്റായ രീതി ഏതെങ്കിലും ജീവനക്കാരൻ കാണിച്ചാൽ അതു തിരുത്തുന്നതിനു വേണ്ട ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു തന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതു നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമായും ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ ഓഫീസുകൾ എന്നിവിടങ്ങളിൽനിന്നാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടുന്നത്. ഇവിടങ്ങളിൽ നിന്നും നേരിട്ട പ്രശ്നങ്ങളാണ് പ്രധാനമായും താലൂക്ക് തല അദാലത്തിൽ ലഭിച്ച പരാതികളിലേറെയും. ഇവയെല്ലാം ജനസൗഹൃദ ഓഫീസുകളായി മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാർ എപ്പോഴും ജനപക്ഷത്തായിരിക്കണം പ്രവർത്തിക്കേണ്ടത്. ജനങ്ങലെ ശത്രുവായി കണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കരുത്. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യണമെന്ന് ആരും പറയില്ല. പക്ഷെ ജനങ്ങൾക്ക് ചെയ്തുകൊടുക്കാൻ കഴിയുന്ന കാര്യങ്ങൾ അതിവേഗതയിൽ ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ലെന്നും, എല്ലാം എല്ലാവരും കാണുന്നുണ്ടെന്നും മനസ്സിലാക്കണം. പിടികൂടപ്പെടുന്നത് ചിലപ്പോൾ മാത്രമായിരിക്കും. പിടികൂടുന്നതിന് സാങ്കേതികമായി ഒരുപാട് കാര്യങ്ങൾ വേണമല്ലോ. പക്ഷെ എല്ലാക്കാലവും അതിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടതില്ല. പിടികൂടിയാൽ വലിയ തോതിലുള്ള പ്രയാസം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.