
സ്വന്തം ലേഖകൻ
കാസർകോട്: കാസർകോട് എൻഡോസൾഫാൻ ഇരകളുടെ പ്രതിഷേധം. എൻഡോസൾഫാൻ ദുരിത മേഖലയിൽ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായാണ് സമരസമിതിയുടെ പ്രതിഷേധം.
കഴിഞ്ഞ മൂന്ന് വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടത്തിയിട്ടില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇത് മൂലം ഇന്നലെ മരിച്ച കുഞ്ഞിന് എൻഡോസൾഫാൻ ബാധിതയാണെന്ന സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകുന്നതിലടക്കം വലിയ വീഴ്ച സംഭവിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
2019 ജനുവരി 30 ന് സെക്രട്ടറിയേറ്റിന് മുന്നിൽ അമ്മമാർ നടത്തിയ പട്ടിണി സമരത്തിന്റെ ഫലമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇന്നലെയാണ് കാസർകോട് കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മെഗേർ എന്ന ആദിവാസി കോളനിയിലെ മോഹനൻ-ഉഷ ദമ്പതികളുടെ കുഞ്ഞായ ഹർഷിത മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ശാരീരിക വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ ജനനം. തല വലുതും ശരീരത്തിന് പിന്നിൽ മുഴയുമുണ്ടായിരുന്നു.
ചലനശേഷിയോ സംസാരശേഷിയോ കുഞ്ഞിന് ഉണ്ടായിരുന്നില്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ കുഞ്ഞാണ് എൻഡോസൾഫാൻ ദുരിതപെയ്‌ത്തിന്റെ ഫലമായി കാസർകോട് മരിക്കുന്നത്.