നഗരമധ്യത്തിലെ കയ്യേറ്റങ്ങൾ: തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു: പരിശോധനയിൽ കണ്ടത് വമ്പൻ ക്രമക്കേട്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ ചള്ളിയിൽ റോഡ് കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കയ്യേറ്റങ്ങൾ വ്യക്തമാക്കി തേർഡ് ഐ ന്യൂസ് ലൈവ് ചിത്രങ്ങൾ സഹിതം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്. വാർത്തയുടെ ലിങ്കും , തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ .കെ ശ്രീകുമാർ നൽകിയ പരാതിയും ശ്രദ്ധയിൽപ്പെട്ട വിജിലൻസ് സംഘം നടപടികൾ ആരംഭിക്കുകയായിരുന്നു. വിജിലൻസ് അന്വേഷണ സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ കെട്ടിടങ്ങൾ സ്ഥലം കയ്യേറി നിർമ്മിച്ചതായി വ്യക്തമായിട്ടുണ്ട്. നഗരസഭ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇത്തരത്തിൽ അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ സാധിക്കില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മുത്തൂറ്റ് ക്രൗൺ പ്ളാസയ്ക്ക് എതിർവശത്ത് ചള്ളിയിൽ റോഡിൽ വൃന്ദാവൻ കോംപളക്സ് സ്ഥലം കയ്യേറി ബൈക്ക് പാർക്കിംഗിനായി നിർമ്മാണം നടത്തിയതും , ടി ജി ടവറും ഇതിന് സമീപത്തെ കെട്ടിടവും സ്ഥലം കയ്യേറി നിർമ്മാണം നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്ത് കൊണ്ടുവന്നത്. കയ്യേറ്റം സംബന്ധിച്ച് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം നഗരസഭ സെക്രട്ടറിക്ക് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കും കയ്യേറ്റങ്ങൾക്കും എതിരെ ശക്തമായ നിലപാടാണ് തേർഡ് ഐ ന്യൂസ് സംഘത്തിനുള്ളത്.ഈ സാഹചര്യത്തിൽ കയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തേർഡ് ഐ ന്യൂസ് ലൈവ് ടീം തീരുമാനിച്ചിട്ടുണ്ട്.
നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയാൽ കെട്ടിടം പൊളിച്ച് കളയുന്നതിന് അടക്കം ശുപാർശ ചെയ്യാൻ വിജിലൻസിന് സാധിക്കും. പ്രാഥമിക പരിശോധനയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിൽ നഗരസഭ നൽകിയ അനുമതി അടക്കമുള്ളവയും ഇനി ചോദ്യം ചെയ്യപ്പെടും.