
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍, മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
ഛത്തീസ്‌ഗഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ദന്ദേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായി സൈന്യം അറിയിച്ചു.
പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്ദേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. പ്രദേശത്തുനിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര നിർദേശത്തെത്തുടർന്ന് ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് വേട്ട വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ബിജാപൂരിലും കങ്കേറിലും ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഡസനിലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കഴിഞ്ഞവർഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് ഛത്തീസ്‌ഗഡില്‍ വധിച്ചത്. 2023ല്‍ 22 പേരെയും 2022ല്‍ 30 പേരെയുമാണ് സുരക്ഷാസേന വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇക്കൊല്ലം രാജ്യത്തുടനീളം നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനില്‍ 113 പേരെയാണ് വധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

104 പേർ അറസ്റ്റിലാവുകയും 164 പേർ കീഴടങ്ങുകയും ചെയ്തു. ഛത്തീസ്‌ഗഡിലെ ബാസ്റ്റർ, ദന്ദേവാഡ, ബിജാപൂർ, കങ്കേർ, നാരായണ്‍പൂർ, കൊണ്ടാഗോണ്‍, സുഖ്‌മ മേഖലകളിലാണ് കൂടുതലായും മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ നടക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായ റെഡ് കോറിഡോറിന്റെ ഭാഗമായി ആയിരത്തിലധികം സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.