
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഷാഫി പറമമ്പിൽ എംപിക്കെതിരെ നടത്തിയ ലൈംഗികാരോപണത്തിലെ പരാതിയില്‍ നിയമോപദേശം തേടാൻ പോലീസ് പരാതി പാലക്കാട് എസ് പി നോർത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ഷാഫിക്കെതിരായ ആരോപണത്തില്‍ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാൽ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ താനെല്ലാം വെളിപ്പെടുത്തുമെന്നായിരുന്നു ഇ എൻ സുരേഷ് ബാബുവിന്റെ പ്രതികരണം. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നില്‍ക്കുകയാണ്. കോണ്‍ഗ്രസുകാർക്ക് പരാതി നല്‍കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം ജില്ലയിലെ സിപിഎം നേതാക്കള്‍ ആരും തന്നെ ഏറ്റെടുത്തിട്ടില്ല.