
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിറങ്ങി: 15 മുതൽ നൽകും.
സ്വന്തംലേഖകൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കഴിഞ്ഞ വർഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക നൽകാനുള്ള ഉത്തരവിറങ്ങി. 15 മുതൽ മൂന്ന് ദിവസങ്ങളിലായി പണമായാണ് നൽകുക. പുതുക്കിയ ഡിഎ ഉൾപ്പെടുത്തി ഈ മാസം ശമ്പളവും പെൻഷനും നൽകിയെങ്കിലും കുടിശ്ശിക നൽകിയിരുന്നില്ല. 2018 ജനുവരിയിലെ ഡി.എയും ജൂലായിലെ ഡിഎയും ചേർത്ത് 5 ശതമാനമാക്കി റൗണ്ടപ്പ് ചെയ്താണ് നൽകുന്നത്.പെൻഷൻകാർക്ക് 600കോടിയും ജീവനക്കാർക്ക് 1103 കോടിയും വേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഏപ്രിലിലെ ശമ്പളത്തിനൊപ്പം ഡിഎയും കുടിശികയും നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കാനാവാതെ പോയത്. പെരുമാറ്റച്ചട്ടം കാരണം സർക്കാരിന് കടമെടുക്കാൻ പരിമിതികളുണ്ടായിരുന്നതുകാരണമാണ് കുടിശ്ശിക മുടങ്ങാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം. പൊതുവിപണിയിൽ നിന്ന് 8000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇത് ഒറ്റത്തവണയായി എടുത്ത് ഡിഎ കുടിശ്ശികയും കരാറുകാരുടെ കുടിശ്ശികയും നൽകാനാണ് നീക്കം.