
ബെംഗളൂരു: ലാൻഡിങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവ്. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മൗ ജില്ലക്കാരനായ മുഹമ്മദ് അദ്നാൻ എന്ന യാത്രക്കാരനാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമം നടത്തിയത്.
യാത്ര ആരംഭിച്ച് 15 മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ അദ്നാൻ എമർജൻസി വാതിലിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാർ ഇത് ശ്രദ്ധിക്കുകയും ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ ഇയാൾ ബാക്കി സമയം സാധാരണ രീതിയിൽ പെരുമാറിയെങ്കിലും ലാൻഡിങ് സമയത്ത് വീണ്ടും അപകടകരമായ രീതിയിൽ പെരുമാറുകയായിരുന്നു. വിമാനം നിലത്തിറങ്ങാൻ വെറും 500 അടി മാത്രം ഉയരത്തിൽ നിൽക്കെ രാത്രി 10:20-ഓടെയാണ് അദ്നാൻ രണ്ടാമതും വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനം അപകടത്തിൽപ്പെടുമായിരുന്ന സാഹചര്യത്തിൽ പൈലറ്റിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
സംഭവത്തിൽ അദ്നാനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ നിലവിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.



