
ഇന്നോവകാറിൽ കയറ്റിയ പെൺകുട്ടിയെ വനത്തിലെത്തിച്ച് ഇമാമിന്റെ പീഡനം: ഇമാമിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും; പ്രതിയായ ഇമാമിനെ പുറത്താക്കി സംഘടന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്‌കൂളിൽ നിന്നും മടങ്ങിയെത്തുകയായിരുന്ന പെ്ൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, വനത്തിലെത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ ഇമാമിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും. പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയ്‌ക്കൈതിരെയാണ് പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുടുങ്ങിയതിനെ തുടർന്ന് ഇമാമിനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ പ്രഭാഷകനും തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അൽ ഖാസിമിയെ ആരോപണങ്ങളിൽ സത്യമുണ്ടെന്ന് തെളിഞ്ഞതോടെയാണ് പുറത്താക്കിയത്.
പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ വനത്തിനുള്ളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചസമയത്ത് ഇയാളുടെ പ്രവർത്തന മേഖലയിലുള്ള പ്രദേശത്ത് സ്‌കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വിദ്യാർത്ഥിനിയുമായി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയും ഇവർ നടത്തിയ പ്രാഥമികര അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടർന്നാണ് പുറത്താക്കിയത്.
സംഭവം വിവാദമായതോടെ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഇദ്ദേഹം പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിലെല്ലാം ഇതു സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ ഇമാമിനെതിരെ ഇതിനിടെ രംഗത്തും എത്തിയിട്ടുണ്ട്.