ആഴക്കടലിൽ നിന്ന് ആശ്വാസം;എംഎസ്‍സി എൽസ 3യിലെ ഇന്ധന ചോർച്ച പൂർണമായി അടച്ചു; വോയേജ്‌ ഡാറ്റ റെക്കോഡർ (വിഡിആർ) കണ്ടെത്താനായില്ല

Spread the love

കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. കപ്പൽ മുങ്ങുന്നതിന് കാരണമായ വിവരം ലഭിക്കുന്നതിന് സഹായകമായ വോയേജ് ഡാറ്റ റിക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

മേയ് 25ന് കപ്പൽ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ കപ്പൽ കമ്പനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്പനികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.

15 ടാങ്കുകളിൽ നിന്നായി 24–26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സാൽവേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്.ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ ചോർച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോർച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇൻസിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂർത്തിയായി. ഇന്ധന ചോർച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22, 23 എന്നിവയുടെയും തകരാർ പരിഹരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധന ചോർച്ച തടയുന്നതിന്റെ ഭാഗമായി കപ്പൽ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോർട്ട് യാനമായ സീമാക് 3 സാച്ചുറേഷൻ ഡൈവിങ് ഒരുക്കങ്ങൾക്കായി ഇന്ന് കൊച്ചിയിൽ തിരിച്ചെത്തി. 51 മീറ്റർ അടിയിൽ കിടക്കുന്ന കപ്പലിലെ ടാങ്കിൽ നിന്ന് ഇന്ധനം നീക്കുന്നത് ഉൾ‍പ്പെടെയുള്ള കാര്യങ്ങൾക്ക് സാച്ചുറേഷൻ ഡൈവിങ് കൂടിയേ കഴിയൂ.

ഇന്ധനം നീക്കുന്നതിന് 24 ദിവസമാണ് സാൽവേജ് കമ്പനി അറിയിച്ചിരിക്കുന്നതെങ്കിലും ഇതിനായുള്ള 2 പദ്ധതികൾ സമർപ്പിക്കാൻ ഡിജി ഷിപ്പിങ് നിർദേശിച്ചിട്ടുണ്ട്.

കപ്പലിൽ നിന്ന് താഴെപ്പോയ 58 കണ്ടെയ്നറുകൾ ഇതുവരെ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. കൊല്ലം (91 വോളന്റിയർമാർ), തിരുവനന്തപുരം (188 വോളന്റിയർമാർ), കന്യാകുമാരി (120) വോളന്റിയർമാർ) എന്നിവിടങ്ങളിൽ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുന്നു.