വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികളുടെ ഏലം ഓണ്‍ലൈൻ തട്ടിപ്പ് കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

Spread the love

മലപ്പുറം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇടുക്കി രാജാക്കാട് സ്വദേശി ജില്‍ജോ മാത്യു പിടിയില്‍.

മലപ്പുറം എടവണ്ണ പൊലീസാണ് തിരുപ്പൂരിലെത്തി ഇയാളെ തന്ത്രപൂര്‍വ്വം വലയിലാക്കിയത്. വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ഇയാളും ഭാര്യയും ചേര്‍ന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏലക്ക കയറ്റുമതിയിലും ഓണ്‍ലൈന്‍ വ്യാപാരത്തിലും പങ്കാളിത്തം നല്‍കാമെന്ന ജില്‍ജോ മാത്യുവിന്‍റെയും ഭാര്യ സൗമ്യയുടേയും വാഗ്ദാനത്തില്‍ നിരവധിയാളുകളാണ് വീണു പോയത്. ആദ്യമാദ്യം അല്ലറ ചില്ലറ ലാഭം വന്നതോടെ കൂടുതല്‍ ആളുകള്‍ ഇവരുടെ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച്‌ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടികള്‍ കൈയില്‍ വന്നതോടെയാണ് മലപ്പുറത്ത് നിന്നും 2019 ല്‍ ഇവര്‍ മുങ്ങിയത്. തട്ടിപ്പിനിരയായ എടവണ്ണ സ്വദേശി നല്‍കിയ പരാതിയില്‍ ജില്‍ജോയും ഭാര്യയും നേരത്തെ അറസ്റ്റിലായിരുന്നു. 43 ലക്ഷം രൂപയോളമാണ് ഇയാള്‍ക്ക് നഷ്ടമായത്. ജാമ്യത്തിലിറങ്ങിയ ശേഷം ജില്‍ജോയും ഭാര്യയും മുങ്ങി.

ജില്‍ജോ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഒളിവില്‍ കഴിയുന്ന വിവരം മനസിലാക്കിയാണ് എടവണ്ണ പൊലീസ് സ്ഥലത്തെത്തുന്നത്. പിന്നാലെ ഇയാളെ പിടികൂടി.

ജില്‍ജോയുടെ ഭാര്യ സൗമ്യ ഇപ്പോഴും ഒളിവിലാണ്. പല സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ തട്ടിപ്പ് കേസുകളുണ്ട്. മലപ്പുറം ജില്ലയില്‍ തന്നെ നിരവധിയാളുകള്‍ തട്ടിപ്പിരയായിട്ടുണ്ടെന്നാണ് വിവരം. പക്ഷേ പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.