
ഗൂഡല്ലൂര്‍: ഓവേലിയില്‍ നാട്ടുകാരില്‍ ഭീതിപടര്‍ത്തിയ കാട്ടാനയെ തളച്ചു. ഒരാഴ്ചനീണ്ട നടപടികള്‍ക്കിടെയാണ് കാട്ടാനയെ എല്ലമലയില്‍വെച്ച് തളച്ചത്.ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കാട്ടാനയെ എല്ലമലയിലെ കുറുമ്പ്രര്‍പാടിക്ക് സമീപം വനത്തോടുചേര്‍ന്ന ഭാഗത്ത് കണ്ടെത്തുകയായിരുന്നു.
മുതുമല ഫീല്‍ഡ് ഡയറക്ടര്‍ ജെ. വെങ്കിടേഷ്, വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കളും വനപാലകസംഘവും പ്രദേശത്തെത്തി.
തെപ്പേക്കാട്ടെ ആനസംരക്ഷണകേന്ദ്രത്തില്‍നിന്ന് എത്തിച്ച മുതുമല, ശ്രീനിവാസന്‍, ബൊമ്മന്‍, ഉദയന്‍ എന്നീ കുങ്കിയാനകളെയും സജ്ജരാക്കിനിര്‍ത്തിയിരുന്നു. ഉന്നതനിര്‍ദേശം ലഭിച്ചതോടെ, ഡോ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കാട്ടാനയെ രണ്ടുറൗണ്ട് മയക്കുവെടിവെച്ചു. കുങ്കിയാനകളെ ഉപയോഗിച്ചും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും റോഡിനു സമീപമെത്തിച്ച് വൈകീട്ട് അഞ്ചരയോടെ കാട്ടാനയെ ലോറിയിലേക്ക് കയറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരില്‍ ഭീതിപടര്‍ത്തിയ കാട്ടാനയെ പിടികൂടാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാകേഷ്‌കുമാര്‍ ദോഗ്ര ഒരാഴ്ചമുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു. കാട്ടാനകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ഓവേലി, എല്ലമല, കുറുമ്പ്രര്‍പാടി, ന്യൂഹോപ്പ് പ്രദേശങ്ങളിലായി കാട്ടാനശല്യം രൂക്ഷമാണ്.