
ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാം പാപ്പാനായ പെരുനാട് പൊറ്റിൻകര പള്ളിക്കൽ നഗർ സുനിൽകുമാർ (മണികണ്ഠൻ–40) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആന സ്കന്ദനാണ് പാപ്പാൻമാരെ കുത്തിയത്.അഞ്ചു വർഷം മുൻപ് ജയമോൻ എന്ന രണ്ടാം പാപ്പാൻ സ്കന്ദന്റെ കുത്തേറ്റു മരിച്ചിരുന്നുപരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30ഓടെ ആയിരുന്നു മുരളീധരൻ നായർ മരിച്ചത്.
മദപ്പാടിലായിരുന്ന സ്കന്ദനെ ഇന്നലെയാണ് ഒന്നാം പാപ്പാൻ പ്രദീപും രണ്ടാം പാപ്പാൻ സുനിൽകുമാറും ചേർന്ന് അഴിച്ചത്. രാവിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിച്ച ശേഷം സമീപത്തുള്ള ഇല്ലത്തു തീറ്റ എടുക്കാൻ കൊണ്ടുപോയി. അവിടെ പുരയിടത്തിൽ വച്ച് ആനപ്പുറത്ത് ഇരുന്ന രണ്ടാം പാപ്പാൻ സുനിൽകുമാറിനെ കുലുക്കി താഴെയിട്ടു കുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറുഭാഗത്ത് കുത്തേറ്റ സുനിൽകുമാറിനെ, ആനയെ പിന്തിരിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്. തുടർന്ന് ഇല്ലത്തെ പുരയിടത്തിൽ ശാന്തനായി നിന്ന ആനയെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് എത്തിയ പാപ്പാൻമാരുടെ സംഘവും എലിഫന്റ് സ്ക്വാഡും ചേർന്ന് തളച്ചു.
പരിശോധനയിൽ ആന ശാന്തനായെന്നും അനുസരിക്കുന്നുണ്ടെന്നും മനസ്സിലായതോടെ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിലെ ആനത്തറിയിലേക്കു മാറ്റി. കാലുകൾ ചങ്ങലയും വടവും കൊണ്ടു ബന്ധിച്ച ശേഷമാണ് ആനയെ മാറ്റിയത്.
പാപ്പാൻമാർ പറയുന്നത് അനുസരിച്ചു മുന്നോട്ടു നടന്ന ആന ആനത്തറിക്കു സമീപത്തെ റോഡിൽ എത്തിയപ്പോൾ പ്രകോപിതനായി പിന്നിലേക്ക് തിരിയുകയും ആനപ്പുറത്ത് ഇരുന്ന പാപ്പാൻ മുരളീധരൻ നായരെ കുലുക്കി താഴെയിട്ടു കുത്തുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന പാപ്പാൻമാർ ആനയെ പിന്തിരിപ്പിച്ച് മുരളീധരൻ നായരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എലിഫന്റ് സ്ക്വാഡ് ആനയെ മയക്കുവെടി വച്ചു. റോഡിൽ നിലയുറപ്പിച്ച ആനയെ പിന്നീട് പിന്നിലേക്ക് നടത്തി മണിക്കൂറുകളെടുത്താണ് ആനത്തറിക്കു സമീപം എത്തിച്ച് മരത്തിൽ തളച്ചത്.