
മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു
സ്വന്തം ലേഖകൻ
ഹാസൻ: കര്‍ണാടകയില്‍ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവില്‍ ഇന്നലെ ആയിരുന്നു ആക്രമണം.ആനകളെ മയക്കുവെടി വെക്കുന്നതില്‍ വിദഗ്ധനായ ‘ആനെ വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്.ആനയെ മയക്കുവെടി വച്ചപ്പോള്‍ അത് പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. വെങ്കിടേഷിനെ ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വെങ്കിടേഷിനെ ആന ആക്രമിച്ചത്. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റതിനെ തുടര്‍ന്ന് അക്രമാസക്തനായ ‘ഭീമ’ എന്ന ആനയെ മയക്കുവെടി വെക്കാനാണ് വെങ്കിടേഷ് എത്തിയിരുന്നത്.കാപ്പിത്തോട്ടത്തില്‍ വെച്ച് മയക്കുവെടി ഏറ്റെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിന് നേരെ ഓടിയെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെങ്കിടേഷ് ഒരു കുഴിയില്‍ വീണു. ഇതിനിടെ ആണ് വെങ്കിടേഷിന് ആനയുടെ ചവിട്ടേറ്റത്. വെങ്കിടേഷിനൊപ്പം രണ്ട് പേരുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വെച്ചാണ് ആനയെ ഓടിച്ചത്. ശേഷം വെങ്കിടേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ചവിട്ടേറ്റ് നെഞ്ചിലും തലയിലും ആഴത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മോഹൻകുമാര്‍ പറഞ്ഞു.
മുൻ വനം വകുപ്പ് ഗാര്‍ഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലഫന്‍റ് ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കി വരികയായിരുന്നു.സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വെങ്കടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. അതേസമയം വെങ്കടേഷിന്റെ മരണത്തിന്റെ പൂര്‍ണഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വനം വകുപ്പിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി വെങ്കിടേഷിന്‍റെ മകൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.