
കൊച്ചി: എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന്.
കൂത്താട്ടുകുളം നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മഹാദേവനെ ഡിസംബർ 29നാണ് എഴുന്നള്ളത്തിനായി ക്ഷേത്രത്തിൽ കൊണ്ടുവന്നത്. കുളിപ്പിച്ച ശേഷം കൊണ്ടുവന്നു കെട്ടിയ ആന സമീപത്തു കിടന്ന ഓല എടുത്തു വിഴുങ്ങിയത് ശ്വാസനാളത്തിലേക്ക് നേരെ കയറിപ്പോവുകയായിരുന്നു. ഇന്ന് മലയാറ്റൂരിൽ നടന്ന പോസ്റ്റ്‍മോർട്ടത്തിൽ ശ്വാസനാളത്തിനും അന്നനാളത്തിനും ഇടയ്ക്കുള്ള ഭാഗത്തു നിന്ന് ഉണ്ട രൂപത്തിൽ ഓല കണ്ടെത്തി.
മഹോത്സവമായ ഇന്നലെ എഴുന്നള്ളത്തിനായി രാവിലെ കുളിപ്പിച്ച ശേഷം ആനയെ കൊണ്ടുവരുന്നതിന് ഇടയിലാണ് ഓല കഴിച്ചത് എന്നാണ് കരുതുന്നത്. തുടർന്ന് ആന ഛർദിച്ചു. ഇതോടെ അസ്വസ്ഥത പ്രകടിപ്പിച്ച ആന പാപ്പാൻ അനൂപിനെ പോലും സമീപത്തേക്ക് അടുപ്പിച്ചില്ല. തുടർന്ന് ഉടമ അടക്കം സ്ഥലത്തെത്തുകയും മഹാദേവനെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിക്കെട്ടുകയും ചെയ്തു. ആനയെ മയക്കിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോകാൻ ലോറിയിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറിയുടെ ഒരു വശത്തെ ഗ്രില്ലും തകർത്തുകൊണ്ടാണ് താഴേയ്ക്ക് വീണത്. ഇവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകാതെ ചരിഞ്ഞു.
തുടർന്ന്, ആനയെ പരിശോധിച്ച ഡോ. ഗിരീഷ് ശ്വാസതടസമുണ്ടായതാവാം മരണകാരണമെന്ന് ഇന്നലെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പാലക്കാട് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രാഹാം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ വിവരവും. പോസ്റ്റ്‍മോർട്ടത്തിനു ശേഷം നെല്യക്കാട്ട് മഹാദേവനെ മലയാറ്റൂർ ഇല്ലിത്തോടിൽ സംസ്കരിച്ചു.
57 വയസുള്ള നെല്യക്കാട് മഹാദേവൻ ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ആനയായിരുന്നു. മമ്മൂട്ടി നായകനായ ജോണി ആന്റണി ചിത്രം ‘തുറുപ്പുഗുലാനി’ൽ അഭിനയിച്ചതോടെ മഹാദേവൻ കൂടുതല്‍ പ്രശസ്തനുമായി. തൃശൂർ പൂരം അടക്കം സംസ്ഥാനത്തെ പ്രധാന ഉത്സവങ്ങളിലെല്ലാം മഹാദേവൻ പങ്കെടുക്കുകയും ചെയ്തിരുന്നു.




