ജെസിബിയുടെ യന്ത്രക്കൈ താഴേക്ക് എത്തുമ്പോള്‍ രക്ഷപ്പെടാൻ കുഞ്ഞുതുമ്പിക്കൈ നീട്ടി കുട്ടിയാന; ചിന്നംവിളിച്ച്‌ കാത്തിരുന്ന് അമ്മ ആനയും; കിണറ്റില്‍ വീണ ആനകുട്ടിക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ…!

Spread the love

കോതമംഗലം: ജനവാസ മേഖലയോടു ചേർന്ന സ്ഥലത്തെ കിണറ്റില്‍ കുട്ടിയാന വീണു.

രണ്ട് വയസ്സുള്ള ആനക്കുട്ടിയാണ് പ്ലാമുടിക്കു സമീപം വനമേഖലയോടു ചേർന്ന കുറുവാനപ്പാറ ഭാഗത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

രണ്ടു മണിക്കൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി സഹായത്തോടെ പരിശ്രമിച്ച്‌ കിണറിന്റെ വശം ഇടിച്ച്‌ ആനക്കുട്ടിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി. പുറത്തെത്തിയ ആനക്കുട്ടി കാത്തുനിന്ന അമ്മയാനയ്ക്കും ആനക്കൂട്ടത്തിനുമൊപ്പം ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനക്കുട്ടി കിണറ്റില്‍ വീണതോടെ ആനക്കൂട്ടം ചിന്നം വിളിച്ചുകൊണ്ടിരുന്നു. ഇത് കേട്ടെത്തിയ വനപാലകരെ ഏറെ നേരത്തേക്ക് അവിടേയ്ക്ക് ആനകള്‍ അടുപ്പിച്ചില്ല. ആനക്കൂട്ടം ഒന്നര മണിക്കൂറോളം ചിന്നംവിളിച്ചു നിന്നു. കുട്ടിയാന മുകളില്‍ നില്‍ക്കുന്ന അമ്മയെ നോക്കി തുമ്പിക്കൈ നീട്ടി കരഞ്ഞ് ബഹളമുണ്ടാക്കി. അഞ്ചര മീറ്ററോളം ആഴമുള്ള കിണറ്റില്‍ സാമാന്യം വെള്ളം ഉണ്ടായിരുന്നു.

കിണറിനു ചുറ്റും നടന്ന് കുട്ടിയാനയെ രക്ഷിക്കാൻ ആനക്കൂട്ടം ഏറെനേരം ശ്രമിച്ചെങ്കിലും വിഫലമായി. 2.30-ഓടെയാണ് കോടനാട് റെയ്ഞ്ച് ഓഫീസർ ആർ. അഥീഷിന്റെ നേതൃത്വത്തില്‍ വനപാലകരും ആർആർടി സംഘവും സ്ഥലത്തെത്തിയത്. ആനക്കുട്ടി കിണറ്റില്‍ നീന്തിത്തുടിച്ച്‌ കരപറ്റാനുള്ള വെപ്രാളത്തിലായിരുന്നു.

മണ്ണെടുക്കാൻ ജെസിബിയുടെ യന്ത്രക്കൈ താഴേക്ക് എത്തുമ്പോള്‍ രക്ഷപ്പെടാൻ കുഞ്ഞുതുമ്പിക്കൈ നീട്ടി. മണ്ണെടുത്ത് നീക്കിയ വഴിച്ചാലിലൂടെ ഞായറാഴ്ച പുലർച്ചെ ആറോടെ ആനക്കുട്ടി കരപറ്റി. ആനക്കുട്ടി അമ്മയ്ക്ക് അരികിലെത്തിയതോടെ ആനക്കൂട്ടം മടങ്ങി.

ആനക്കുട്ടിക്ക് പരിക്കില്ലെന്നും പൂർണ ആരോഗ്യമുണ്ടെന്നും അധികൃതർ പറഞ്ഞു. മുൻപ് ഇത് പാലയ്ക്കല്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു. ആനശല്യം കാരണം വനംവകുപ്പിന് വിറ്റതാണ്.