കാട്ടാനക്കൂട്ടത്തെ ഓടിക്കാനെത്തി, ഇടുക്കി ശാന്തൻപാറയിൽ വനം വകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
സ്വന്തം ലേഖകൻ
ഇടുക്കി : ശാന്തൻപാറ പന്നിയാര്‍ എസ്റ്റേറ്റിനു സമീപം വനംവകുപ്പ് താൽക്കാലിക വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ് (43) കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. എസ്റ്റേറ്റിൽ എത്തിയ കാട്ടാനയെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ. എന്നാൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ രാവിലെ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പന്ത്രണ്ട് മണിയോടെ ആണ്. സംഭവസ്ഥലത്ത് തന്നെ ശക്തിവേൽ മരണപ്പെടുകയായിരുന്നു. എസ്റ്റേറ്റിന് സമീപം ബൈക്ക് ഇരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാൽ വനം വകുപ്പിലും പോലീസിലും വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ എത്തിയത് താമസിച്ചാണെന്നും പോലീസ് എത്തുന്നതിന് മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയതായും നാട്ടുകാർ ആരോപിക്കുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
സ്ഥിരമായി എത്തുന്ന കാട്ടാനകുട്ടം പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളും വിതച്ചിട്ടുണ്ട്. ഒരു കൊല്ലത്തിനിടയിൽ ഏഴ് തവണ പ്രദേശത്തെ റേഷൻകട കാട്ടാനകൾ നശിപ്പിച്ചിരുന്നു. കാട്ടാനശല്യത്തിനെതിരെ നേരത്തെയും പ്രതിഷേധവുമായി നാട്ടുകാർ എത്തിയിരുന്നു.