മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം ഗ്രില്ലില്‍ കുടുങ്ങി കാട്ടാന ; ഷട്ടർ അടച്ച് ഒഴുക്ക് നിയന്ത്രിച്ചതോടെ നീന്തിക്കയറി കാട്ടിലേക്ക്
മുല്ലപ്പെരിയാർ: മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന കനാലില്‍ ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലില്‍ കാട്ടാന കുടുങ്ങി.
തമിഴ് നാട്ടിലേക്ക് വെള്ളം തുറന്നു വിടുന്ന ഷട്ടർ അടച്ച് ഒഴുക്ക് നിയന്ത്രിച്ചതോടെ കാട്ടാന നീന്തി കാട്ടിലേക്ക് കയറി. രാവിലെ ഏഴു മണിയോടെ പ്രഭാത സവാരിക്കെത്തിയവരാണ് കനാലില്‍ കാട്ടാന അകപ്പെട്ടത് കണ്ടത്.
പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ കനാലില്‍ കാട്ടാനകള്‍ അക്കരെയരിക്കരെ നീന്തുന്നത് പതിവാണ്. ഇന്ന് ഇത്തരത്തില്‍ നീന്തിയപ്പോള്‍ ശക്തമായ ഒഴുക്കില്‍ പെട്ടതാകാനാണ് സാധ്യത. ഷട്ടറിനു നൂറു മീറ്ററോളം മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിലാണ് തടഞ്ഞു നിന്നത്. വനംവകുപ്പിൻറെ ആവശ്യപ്രകാരം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ താഴ്ത്തിയതോടെ ഒഴുക്ക് നിലച്ചു. ഈ സമയം നൂറ്റമ്ബത് മീറ്ററോളം കാനാലിലൂടെ നീന്തിയാണ് കാട്ടാന കരക്ക് കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group